രോഹിത്തിന് വൈകാതെ വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടാനാകുമെന്ന് ഗാവസ്‌കര്‍

ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് സെഞ്ചുറി നഷ്‌ടമായിരുന്നു. എന്നാല്‍ ലോര്‍ഡ്‌സിലെ രോഹിത്തിന്‍റെ ഇന്നിംഗ്‌സിനെ പ്രശംസ കൊണ്ടുമൂടുകയാണ് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. രോഹിത്തിന് വൈകാതെ വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടാനാകുമെന്ന് ഗാവസ്‌കര്‍ പറ‌ഞ്ഞു. 

'അ‌ഞ്ച് ദിനങ്ങളുടെ ടെസ്റ്റില്‍ ആദ്യ ദിവസം പിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. പിച്ചിന് ജീവനുണ്ടോ, പന്ത് കൂടുതല്‍ ബൗണ്‍സ് ചെയ്യുമോ എന്ന് മനസിലാക്കാനാവില്ല. അതിന് കുറച്ച് സമയമെടുക്കും. അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് രോഹിത് ആദ്യ ഇന്നിംഗ്‌സില്‍ കാട്ടിത്തന്നു. ഏതൊക്കെ ഷോട്ട് കളിക്കണം, കളിക്കരുത് എന്ന് മനോഹരമായാണ് കാണിച്ചത്. എത്ര ബോളാണ് രോഹിത് പാഴാക്കിയത് എന്ന് നോക്കുക. ഈ അഡ്‌ജസ്റ്റ്‌മെന്‍റ് മാനസികമാണ്' എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ലോര്‍ഡ്‌സിലെ ആദ്യ ഇന്നിംഗ്‌സില്‍ കെ എല്‍ രാഹുലിനൊപ്പം 126 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത രോഹിത് 83 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. വിദേശത്ത് 2010ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 100 റണ്‍സിലേറെ കൂട്ടുകെട്ട് സൃഷ്‌ടിക്കുന്നത്. അതേസമയം വിദേശത്ത് ആദ്യ ടെസ്റ്റ് സെഞ്ചുറിക്കുള്ള അവസരം രോഹിത്തില്‍ നിന്ന് ഒരിക്കല്‍ക്കൂടി വഴുതിപ്പോയി. ജയിംസ് ആന്‍ഡേഴ്‌സണായിരുന്നു വിക്കറ്റ്. എന്നാല്‍ ലോര്‍ഡ്‌സിലെ ഹോണേഴ്‌സ് ബോര്‍ഡില്‍ പേര് വരുന്നതല്ല ക്രിക്കറ്റ് കരിയറിലെ ഏറ്റവും പ്രധാന കാര്യം എന്ന് ഗാവസ്‌കര്‍ പറയുന്നു. 

'ഇത്തരം ഇന്നിംഗ്‌സിലൂടെയാണ് ഒരു താരം പ്രതീക്ഷ നല്‍കുന്നത്. ഒരിന്നിംഗ്‌സില്‍ 80 റണ്‍സ് ഉറപ്പായും നല്‍കാന്‍ കഴിയുന്ന ഒരു താരത്തില്‍ നിന്ന് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 400-450 റണ്‍സ് പ്രതീക്ഷിക്കാം. ഇതിനേക്കാളേറെ ഒരു ക്യാപ്റ്റന് എന്താണ് വേണ്ടത്. ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടാന്‍ കഴിയാത്തതില്‍ രോഹിത് നിരാശനായിരിക്കാം. എന്നാല്‍ അവിടെ സെഞ്ചുറി നേടിയാല്‍ എല്ലാം സ്വന്തമാക്കിയതായി അര്‍ഥമില്ല' എന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. 

'ഇന്ത്യക്കായി ലോകത്തിന്‍റെ ഏത് ഭാഗത്തും സെഞ്ചുറി നേടുന്നത് പ്രധാനപ്പെട്ടതാണ്. ബാറ്റ് ചെയ്യുന്ന രീതിയും സമയവും സ്ഥാനവും നോക്കിയാല്‍ സെഞ്ചുറിക്ക് അരികെയാണ് രോഹിത് ശര്‍മ്മ' എന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ലോര്‍ഡ്‌സില്‍ ഇതുവരെ ഒരു അന്താരാഷ്‌ട്ര സെഞ്ചുറി നേടിയിട്ടില്ലാത്ത താരമാണ് സുനില്‍ ഗാവസ്‌കര്‍. 

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് മീറ്റ്: ഇന്ത്യക്ക് രണ്ടാം മെഡല്‍, നടത്തത്തില്‍ വെള്ളി

ഐപിഎല്‍: ഓസീസ് താരത്തെ സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സിന്‍റെ സര്‍പ്രൈസ്

ആശ്വാസ വാര്‍ത്ത, ക്രിസ് കെയ്‌ന്‍സ് ജീവിതത്തിലേക്ക് മടങ്ങിവരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona