കോലി വിക്കറ്റിനിടയിലൂടെ അതിവേഗം റണ്ണെടുക്കുന്ന ബാറ്ററാണ്. ആ പന്ത് അടിച്ചപ്പോള്‍ തന്നെ രണ്ട് റണ്‍സ് കിട്ടുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ റണ്ണെടുക്കാന്‍ പിച്ചിലൂടെ ഓടിയാലും ഒരു അമ്പയറും അവനെ താക്കീത് ചെയ്യില്ല.

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ വിരാട് കോലിയുടെ വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിനെതിരെ വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്കര്‍. ആര്‍സിബി ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറില്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ പന്ത് ലോംഗ് ഓണിലേക്ക് അടിച്ച വിരാട് കോലി ഡബിള്‍ ഓടാൻ സഹതാരം ലിയാം ലിവിംഗ്‌സ്റ്റണോട് ആവശ്യപ്പെട്ടു. ഇരുവരും അതിവേഗ ഡബിള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. 

എന്നാല്‍ റണ്ണെടുക്കാന്‍ ഓടിയ കോലി പിച്ചിന് നടുവിലൂടെയാണ് ഓടിയത്. സാധാരണഗതിയില്‍ പിച്ചിലെ അപകടമേഖലയില്‍ കൂടി ബാറ്റര്‍ റണ്ണെടുക്കാനായി ഓടിയാല്‍ അമ്പയര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി താക്കീത് ചെയ്യേണ്ടതാണെങ്കിലും ഇത്തവണ അതുണ്ടായില്ല. ഇതാണ് കമന്‍ററി ബോക്സിലുണ്ടായിരുന്ന ഗവാസ്കറെ ചൊടിപ്പിച്ചത്. പിച്ചിന് കേടുപാടുണ്ടാക്കുന്ന രീതിയിലായിരുന്നു കോലിയുടെ ഓട്ടമെന്ന് ഗവാസ്കര്‍ പറഞ്ഞു. 

കോലി വിക്കറ്റിനിടയിലൂടെ അതിവേഗം റണ്ണെടുക്കുന്ന ബാറ്ററാണ്. ആ പന്ത് അടിച്ചപ്പോള്‍ തന്നെ രണ്ട് റണ്‍സ് കിട്ടുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ റണ്ണെടുക്കാന്‍ പിച്ചിലൂടെ ഓടിയാലും ഒരു അമ്പയറും അവനെ താക്കീത് ചെയ്യില്ല. അദ്ദേഹം പിച്ചിന് നടുവിലൂടെയാണ് ഓടുന്നത്. പഞ്ചാബിന് രണ്ടാമത് ബാറ്റ് ചെയ്യേണ്ട പിച്ചാണിതെന്നും ഗവാസ്കര്‍ പറഞ്ഞു. 

പിച്ചിലൂടെ ഓടിയതിന് പുറമെ കോലിയുടെ മെല്ലെപ്പോക്കിനെതിരെയും ആരാധകരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. 35 പന്തില്‍ മൂന്ന് ബൗണ്ടറി മാത്രം നേടി 43 റണ്‍സടിച്ച കോലി ടെസ്റ്റ് കളിക്കുകയായിരുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുമ്പൊഴൊക്കെ വിക്കറ്റുകള്‍ നഷ്ടമായതോടെയാണ് കോലി നങ്കൂരമിട്ട് കളിച്ചത്. പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. ഫൈനലില്‍ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക