ടി20 ലോകകപ്പിലെ കലാശപ്പോരില്‍ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസീസ് കിരീടം ചൂടിയപ്പോള്‍ മിച്ചല്‍ മാര്‍ഷായിരുന്നു കളിയിലെ താരം 

ദുബായ്: മിച്ചല്‍ മാര്‍ഷ്(Mitchell Marsh) എന്ന ഓള്‍റൗണ്ടറുടെ തീപാറും വെടിക്കെട്ടിലാണ് അതിശക്തമായ ന്യൂസിലന്‍ഡ് ബൗളിംഗ് നിരയെ കീഴടക്കി ടി20യില്‍ ആദ്യ വിശ്വകിരീടം(T20 World Cup 2021) ഓസ‌്ട്രേലിയ നേടിയത്. ഓസ്‌ട്രേലിയ കഴിഞ്ഞ കുറച്ചുനാളുകളായി മൂന്നാം നമ്പറില്‍ മിച്ചല്‍ മാര്‍ഷിന് നല്‍കിയ പിന്തുണയാണ് ഇതിലേക്ക് നയിച്ചത്. ഇക്കാര്യം ജയത്തിന് ശേഷം ഓസീസ്(Aussies) നായകന്‍ ആരോണ്‍ ഫിഞ്ച്(Aaron Finch) തുറന്നുപറയുകയും ചെയ്‌തു. 

'മികച്ച പേസില്‍ കളിക്കാന്‍ കഴിയുന്ന താരമാണ് മിച്ചല്‍ മാര്‍ഷ്. വെല്ലുവിളികള്‍ ഇഷ്‌ടപ്പെടുന്നു. ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ താല്‍പര്യപ്പെടുന്നു. അതിനാല്‍ മൂന്നാം നമ്പറില്‍ മാര്‍ഷിനെ ബാറ്റ് ചെയ്യിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്, ഏറെക്കാലമായി അത് അദേഹത്തിന് അറിയാം. ആ പിന്തുണയും ആത്മവിശ്വാസവും ഒരു താരത്തിന് ആവശ്യമാണ്. ന്യൂസിലന്‍ഡിനെതിരായ പരിശീലന മത്സരത്തിലും നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് മിച്ചല്‍ തുടങ്ങിയത്. അതാണ് അദേത്തിന്‍റേയും ഞങ്ങള്‍ക്കിടയിലുമുള്ള ആത്മവിശ്വാസം. അത് ഉജ്ജ്വലമാണ്' എന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു. 

ടി20 ലോകകപ്പിലെ കലാശപ്പോരില്‍ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസീസ് കിരീടം ചൂടിയപ്പോള്‍ മിച്ചല്‍ മാര്‍ഷായിരുന്നു കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. നായകന്‍ ആരോണ്‍ ഫിഞ്ച് പുറത്തായ ശേഷം മൂന്നാമനായി ക്രീസിലെത്തിയ മാര്‍ഷ് 50 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും സഹിതം പുറത്താകാതെ 77 റണ്‍സെടുത്തു. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയപ്പോള്‍ അടുത്ത രണ്ട് ബോളുകളില്‍ ബൗണ്ടറി കണ്ടെത്തി താരം. 

മിച്ചല്‍ മാര്‍ഷിന് പുറമെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(38 പന്തില്‍ 53), ഗ്ലെന്‍ മാക്‌സ്‌വെല്‍(18 പന്തില്‍ 28*) എന്നിവരുടെ പ്രകടനവും 18.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം ജയത്തിലെത്താന്‍ ഓസീസിന് സഹായകമായി. ആരോണ്‍ ഫിഞ്ച് അഞ്ച് റണ്‍സെടുത്ത് മടങ്ങി. പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടാണ് വാര്‍ണറെയും ഫിഞ്ചിനേയും ഡ്രസിംഗ് റൂമിലേക്ക് മടക്കിയത്. 

T20 World Cup | മിച്ചൽ മാർഷും ജോഷ് ഹേസൽവുഡും യുവ്‍രാജ് സിംഗിനൊപ്പം എലൈറ്റ് പട്ടികയില്‍

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 172 റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കിനെ തലങ്ങുംവിലങ്ങും പായിച്ച് 48 പന്തില്‍ 85 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍. 28 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. ജോഷ് ഹേസല്‍വുഡ് മൂന്നും ആദം സാംപ ഒന്നും വിക്കറ്റ് നേടിയപ്പോള്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങി. മാര്‍ഷ് കളിയിലെയും വാര്‍ണര്‍ ടൂര്‍ണമെന്‍റിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

T20 World Cup | ഫൈനലില്‍ റെക്കോര്‍ഡിട്ട് കെയ്‌ന്‍ വില്യംസണ്‍; ഉടനടി തകര്‍ത്ത് മിച്ചല്‍ മാര്‍ഷ്