ടൂര്‍ണമെന്‍റില്‍ കിതയ്‌ക്കുകയാണ് നിലവിലെ ചാമ്പ്യന്‍മാരായ കരീബിയന്‍ സംഘമിപ്പോള്‍

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലൻഡ്(New Zealand) ഫൈനലിൽ എത്തുമെന്ന് വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്‌ലിന്‍റെ(Chris Gayle) പ്രവചനം. 'ന്യൂസിലൻഡ് മികച്ച രീതിയിലാണ് കളിക്കുന്നത്. വമ്പൻ താരങ്ങൾ അധികമില്ലായിരിക്കും. ടീമെന്ന നിലയിൽ ന്യൂസിലൻഡ് മറ്റ് ടീമുകളേക്കാൾ ഒത്തിണക്കത്തോടെയാണ് കളിക്കുന്നതെന്നും' ഗെയ്‌ല്‍ പറഞ്ഞു. വെസ്റ്റ് ഇൻഡീസ്(West Indies) അല്ലാതെ ഫൈനൽ സാധ്യതയുള്ള ടീം ഏതെന്ന ചോദ്യത്തിനായിരുന്നു ഗെയ്‌ലിന്‍റെ മറുപടി. എന്നാല്‍ ടൂര്‍ണമെന്‍റില്‍ കിതയ്‌ക്കുകയാണ് നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസ് ഇപ്പോള്‍. 

ആശങ്ക ഇന്ത്യക്ക്

ഗെയ്‌ലിന്‍റെ പ്രവചനം ടീം ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. ഗ്രൂപ്പ് രണ്ടില്‍ പാകിസ്ഥാന്‍ ഏതാണ്ട് സെമിയില്‍ എത്തും എന്ന് ഉറപ്പായതോടെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നാളെ നടക്കുന്ന നേര്‍ക്കുനേര്‍ അങ്കം അതിനിര്‍ണായകമായി. ഗ്രൂപ്പിലെ സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന മത്സരമാകും ഇത്. തോൽക്കുന്നവരുടെ സെമി മോഹങ്ങൾ അവസാനിക്കും. അല്ലെങ്കില്‍ ഗ്രൂപ്പിലെ കുഞ്ഞന്‍ ടീമുകള്‍ വലിയ അത്ഭുതം കാട്ടണം. രണ്ടാം ഗ്രൂപ്പിൽ നിന്ന് സെമിയിലെത്താൻ ഇന്ത്യക്കും കിവീസിനും ഇനിയുള്ള എല്ലാ കളിയും ജയിക്കേണ്ടതുണ്ട്. 

ഞായറാഴ്‌ച കിവീസിനെ നേരിടുന്ന ഇന്ത്യ നവംബർ മൂന്നിന് അഫ്‌ഗാനിസ്ഥാനേയും അഞ്ചിന് സ്കോട്‍ലൻഡിനെയും എട്ടിന് നമീബിയയേയും നേരിടും. 

ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് നേരിയ മേൽക്കൈയുണ്ട്. ഇതുവരെ ഏറ്റുമുട്ടിയ 16 കളിയിൽ എട്ടിലും ജയം കിവീസിനൊപ്പമായപ്പോള്‍ ഇന്ത്യ ജയിച്ചത് ആറ് കളിയിലാണ്. രണ്ട് മത്സരം ടൈയായി. ഐസിസി ചാമ്പ്യൻഷിപ്പുകളിൽ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ നാലിലും ഇന്ത്യ തോറ്റു. ഇന്ത്യയുടെ ഏക ജയം 2003ലെ ഏകദിന ലോകകപ്പിലാണ്. ഇക്കഴിഞ്ഞ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലും 2016ലെ ടി20 ലോകകപ്പിലും 2007ലെ ടി20 ലോകകപ്പിലും ന്യൂസിലൻഡ് ഇന്ത്യയെ തോൽപിച്ചിരുന്നു.

വിന്‍ഡീസ് അങ്കലാപ്പില്‍

അതേസമയം ഗ്രൂപ്പ് ഒന്നില്‍ മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് വിന്‍ഡീസ് ഇതുവരെ നേടിയത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ആദ്യ സ്ഥാനങ്ങളില്‍. ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്ന വമ്പന്‍ പോരാട്ടം ഇന്ന് രാത്രി ഏഴരയ്‌ക്ക് ദുബായില്‍ നടക്കും. ഗ്രൂപ്പ് ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന പോരാട്ടം കൂടിയായിരിക്കും ഇത്. 2010ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടും ഓസീസും ടി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. 

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍

ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബെന്‍ സ്റ്റോക്സ്

ടി20 ലോകകപ്പ്: 'ഷമിയെ ആക്രമിക്കുന്നത് നട്ടെല്ലില്ലാത്ത കൂട്ടര്‍'; ആഞ്ഞടിച്ച് കോലി, താരത്തിന് പൂര്‍ണ പിന്തുണ

ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഹര്‍ദിക് പാണ്ഡ്യ പന്തെറിയും'; പ്രതീക്ഷ പങ്കിട്ട് സഹീര്‍ ഖാന്‍

ടി20 ലോകകപ്പ്: വിരാട് കോലിയെ മറികടന്ന് ബാബര്‍ അസം; അപൂര്‍വ നേട്ടം

ടി20 ലോകകപ്പ്: നാളെ ഇന്ത്യ- ന്യൂസിലന്‍ഡ് ജീവന്മരണ പോരാട്ടം; ഐസിസി ടൂര്‍ണമെന്റുകളില്‍ കിവീസ് ഒരുപടി മുന്നില്‍