Asianet News MalayalamAsianet News Malayalam

മിസൈല്‍ വേഗത്തില്‍ അഞ്ച് വിക്കറ്റ് വീണു; ടീം ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, പെര്‍ത്തില്‍ എന്‍ഗിഡി കൊടുങ്കാറ്റ്

 രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്

T20 World Cup 2022 IND vs SA Super 12 Match Team India facing batting collapse as lose five wickets
Author
First Published Oct 30, 2022, 5:25 PM IST

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തില്‍ ടീം ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. 11 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റിന് 67 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. സൂര്യകുമാര്‍ യാദവും(22*), ദിനേശ് കാര്‍ത്തിക്കുമാണ്(2*) ക്രീസില്‍. ഇന്ത്യയുടെ അഞ്ചില്‍ നാല് വിക്കറ്റുകളും പേസര്‍ ലുങ്കി എന്‍ഗിഡിക്കാണ്. 

നിര്‍ണായക മത്സരത്തില്‍ ലുങ്കി എന്‍ഗിഡിയെ ഇറക്കിയ ദക്ഷിണാഫ്രിക്കന്‍ തന്ത്രം എല്ലാത്തരത്തിലും തുടക്കത്തില്‍ വിജയിക്കുകയായിരുന്നു. വെയ്‌ന്‍ പാര്‍നലിന്‍റെ ആദ്യ ഓവറില്‍ ആറ് പന്തും കെ എല്‍ രാഹുല്‍ പാഴാക്കിയപ്പോള്‍ അഞ്ചാം ഓവറിലാണ് എന്‍ഗിഡി ആദ്യമായി പന്തെടുത്തത്. രണ്ടാം പന്തില്‍ രോഹിത് ശ‍ര്‍മ്മയും(14 പന്തില്‍ 15), ആറാം പന്തില്‍ കെ എല്‍ രാഹുലും(14 പന്തില്‍ 9) പുറത്തായി. സമ്മര്‍ദമേറിയ രോഹിത്തിന്‍റെ സിക്‌സര്‍ ശ്രമം പാളിയപ്പോള്‍ രാഹുല്‍ സ്ലിപ്പില്‍ ഏയ്‌ഡന്‍ മാര്‍ക്രമിന്‍റെ ക്യാച്ചില്‍ മടങ്ങി. ഏഴാം ഓവറില്‍ എന്‍ഗിഡി വീണ്ടും പന്തെടുത്തപ്പോള്‍ അഞ്ചാം പന്തില്‍ വിരാട് കോലി(11 പന്തില്‍ 12) റബാഡയുടെ ക്യാച്ചില്‍ വീണു. 

തൊട്ടടുത്ത ഓവറില്‍ ആന്‍‌റിച് നോര്‍ക്യ, ദീപക് ഹൂഡയെ(3 പന്തില്‍ 0) പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ഡികോക്കിനായിരുന്നു ക്യാച്ച്. തന്‍റെ മൂന്നാം ഓവറില്‍, അതായത് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 9-ാം ഓവറില്‍ എന്‍ഗിഡി ഹാര്‍ദിക് പാണ്ഡ്യയേയും(3 പന്തില്‍ 2) പറഞ്ഞയച്ചു. മത്സരത്തില്‍ റബാഡയുടെ രണ്ടാം ക്യാച്ചായി ഇത്.  

ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിംഗ്. 

ദക്ഷിണാഫ്രിക്കന്‍  ഇലവന്‍: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), തെംബാ ബാവുമ(ക്യാപ്റ്റന്‍), റൈലി റൂസ്സോ, ഏയ്‌ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വെയ്‌ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, ആന്‍‌റിച്ച് നോര്‍ക്യ.

രോഹിത് ശ‍ര്‍മ്മയും കെ എല്‍ രാഹുലും പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടക്കം പാളി ഇന്ത്യ

Follow Us:
Download App:
  • android
  • ios