Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: നിരാശപ്പെടുത്തി വീണ്ടും രാഹുല്‍; നെതര്‍ലന്‍ഡ്സിനെതിരെ പവര്‍ പ്ലേയില്‍ പവറില്ലാതെ ഇന്ത്യ

പതിഞ്ഞ തുടക്കമിടുന്നതിന്‍റെ പേരില്‍ പഴി കേള്‍ക്കുന്നുണ്ടെങ്കിലും ദുര്‍ബലരായ നെതര്‍ലന്‍ഡിനെതിരെയും ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ഫ്രെഡ് ക്ലാസന്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത ഇന്ത്യ സ്പിന്നര്‍ ടിം പ്രിംഗിളിന്‍റെ രണ്ടാം ഓവറില്‍ നേടിയത് രണ്ട് റണ്‍സ് മാത്രം.

T20 World Cup 2022: India loss KL Rahul in Power Play
Author
First Published Oct 27, 2022, 1:11 PM IST

സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തു. 9 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 16 പന്തില്‍ 16 റണ്‍സോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 8 പന്തില്‍ ആറു റണ്‍സുമായി വിരാട് കോലിയും ക്രീസില്‍.

പതിഞ്ഞ തുടക്കം, രാഹുലിന്‍റെ മടക്കം

പതിഞ്ഞ തുടക്കമിടുന്നതിന്‍റെ പേരില്‍ പഴി കേള്‍ക്കുന്നുണ്ടെങ്കിലും ദുര്‍ബലരായ നെതര്‍ലന്‍ഡിനെതിരെയും ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ഫ്രെഡ് ക്ലാസന്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത ഇന്ത്യ സ്പിന്നര്‍ ടിം പ്രിംഗിളിന്‍റെ രണ്ടാം ഓവറില്‍ നേടിയത് രണ്ട് റണ്‍സ് മാത്രം. വാന്‍ മീക്കീരന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ഇന്ത്യക്ക് കെ എല്‍ രഹുലിന്‍റെ വിക്കറ്റ് നഷ്ടമായി. മീക്കീരന്‍റെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 12 പന്ത് നേരിട്ട രാഹുല്‍ നേടിയത് 9 റണ്‍സ്. റിവ്യൂവിന് പോലും അവസരമില്ലാതെയാണ് രാഹുല്‍ പുറത്തായത്.

എന്നാല്‍ ആ ഓവറിലെ അവസാന പന്തില്‍ സിക്സ് അടിച്ച് രോഹിത് ശര്‍മ ഇന്ത്യന്‍ സ്കോറിന് ഗതിവേഗം നല്‍കി. ബാസ് ഡി ലീഡ് എറിഞ്ഞ നാലാം ഓവറില്‍ രോഹിത് ബൗണ്ടറി നേടിയെങ്കിലും ഇന്ത്യ നേടിയത് അഞ്ച് റണ്‍സ് മാത്രം. ഫ്രെഡ് ക്ലാസന്‍റെ അഞ്ചാം ഓവറില്‍ രോഹിത് നല്‍കിയ അനായാസ ക്യാച്ച് ടിം പ്രിംഗിള്‍ നിലത്തിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാവുമായിരുന്നു. തൊട്ടടുത്ത ഓവറിലും രോഹിത് നല്‍കിയ ദുഷ്തകരമായൊരു ക്യാച്ച് പ്രിംഗിളിന് കൈയിലൊതുക്കാനായില്ല. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഇന്ത്യ നേടിയത് നാലു റണ്‍സ് മാത്രം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം വൈകിയതിനാല്‍ ഇതേ ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് മത്സരത്തിന്‍റെ ടോസ് വൈകിയിരുന്നു.

ചരിത്ര തീരുമാനം; ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീ

പാക്കിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇടം കൈയന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം ദീപക് ഹൂഡയും ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തും അന്തിമ ഇളവനില്‍ ഇടം നേടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ടീം മാനേജ്മെന്‍റ് തയാറായില്ല. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് നെതര്‍ലന്‍ഡ്സും ഇറങ്ങുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios