വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യക്കെതിരായ പരമ്പര അത്ര എളുപ്പമായിരിക്കില്ലെന്നും ബാവുമ.

ജൊഹാനസ്ബര്‍ഗ്: ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ. ദീര്‍ഘകാലമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലാത്ത ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇന്ത്യയില്‍ പരമ്പര നേടാനുള്ള വലിയ അവസരമാണിതെന്ന് ബാവുമ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ടീം ദീര്‍ഘകാലമായി ഇന്ത്യയില്‍ പരമ്പര നേടിയിട്ടില്ല.2000ത്തില്‍ ഹാന്‍സി ക്രോണ്യയുടെ കീഴിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ അവസാനം ടെസ്റ്റ് പരമ്പര നേടിയത്. എന്നാല്‍ ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യൻമാരായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ആരാധകര്‍ക്ക് പ്രതീക്ഷയുണ്ടാകുമെന്നും ബാവുമ പറഞ്ഞു.

വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യക്കെതിരായ പരമ്പര അത്ര എളുപ്പമായിരിക്കില്ലെന്നും ബാവുമ പറഞ്ഞു. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുക എന്നത് എക്കാലത്തും കഠിനമാണ്. എങ്കിലും രോഹിത്തിനെയും കോലിയെയും പോലുള്ള താരങ്ങള്‍ വിരമിട്ടതിനാൽ വലിയ വിടവാണ് ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് നികത്താനുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയെ നേരിടാന്‍ എല്ലാ തയാറെടുപ്പുളോടെയുമാണ് ഞങ്ങള്‍ ഇറങ്ങുന്നത്.

ബൗളിംഗാണ് എക്കാലത്തും ഞങ്ങളുടെ കരുത്ത്. സ്പിന്നര്‍മാരുടെ കാര്യമെടുത്താല്‍ ഞങ്ങളിപ്പോള്‍ മറ്റേത് ടീമിനോടും കിടപിടിക്കുന്നവരാണ്. ടീമില്‍ ഒരു ഓഫ് സ്പിന്നറെ കൂടി അധികമായി വേണമെങ്കില്‍ ഞങ്ങള്‍ക്ക് ട്രിസ്റ്റൻ സ്റ്റബ്സിനെ ഉപയോഗിക്കാനാവുമെന്നും ബാവുമ പറഞ്ഞു. കേശവ് മഹാരാജ്, സെനുരാന്‍ മുത്തുസ്വാമി, സൈമണ്‍ ഹാമര്‍ എന്നിവരാണ് ദക്ഷിണഫ്രിക്കന്‍ നിരയിലെ സ്പിന്നര്‍മാര്‍. അടുത്തിടെ പാകിസ്ഥാനിലെ സ്പിന്‍ പിച്ചുകളില്‍ നടന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്പിന്നര്‍മാരുടെ മികവില്‍1-1 സമനിലയാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക