ടീമുകളുടെയും കളിക്കാരുടെയും ആശങ്കയും വികാരങ്ങളും കണക്കിലെടുത്തും പ്രക്ഷേപകരുടെയും സ്പോൺസർമാരുടെയും ആരാധകരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചും എല്ലാ പ്രധാന പങ്കാളികളുമായും കൂടിയാലോചിച്ച ശേഷമാണ് ഐ‌പി‌എൽ ഭരണ സമിതി തീരുമാനം എടുത്തത്

മുംബൈ: ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം ഒരാഴ്ചത്തേക്കാണ് ടൂര്‍ണമെന്‍റ് നിര്‍ത്തിവെക്കുന്നതെന്ന് ഐപിഎല്‍ ഔദ്യോഗിക എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ഐപിഎല്‍ ടീം ഉടമകളുമായി സംസാരിച്ചശേഷം കളിക്കാരുടെ ആശങ്കയും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി.

ഈ നിർണായക ഘട്ടത്തിൽ, ബിസിസിഐ രാജ്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു. സര്‍ക്കാരിനോടും സായുധ സേനകളോടും, നമ്മുടെ രാജ്യത്തെ ജനങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനു കീഴിൽ രാജ്യത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വീരോചിതമായ ശ്രമങ്ങൾ തുടരുന്ന നമ്മുടെ സായുധ സേനയുടെ ധീരതയ്ക്കും, ധൈര്യത്തിനും, നിസ്വാർത്ഥ സേവനത്തിനും ബിസിസിഐ അഭിവാദ്യം അർപ്പിക്കുന്നു.

Scroll to load tweet…

ടീമുകളുടെയും കളിക്കാരുടെയും ആശങ്കയും വികാരങ്ങളും കണക്കിലെടുത്തും പ്രക്ഷേപകരുടെയും സ്പോൺസർമാരുടെയും ആരാധകരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചും എല്ലാ പ്രധാന പങ്കാളികളുമായും കൂടിയാലോചിച്ച ശേഷമാണ് ഐ‌പി‌എൽ ഭരണ സമിതി തീരുമാനം എടുത്തത്. നമ്മുടെ സായുധ സേനയുടെ ശക്തിയിലും തയ്യാറെടുപ്പിലും ബി‌സി‌സി‌ഐ പൂർണ്ണ വിശ്വാസമർപ്പിച്ചിട്ടുണ്ടെങ്കിലും, എല്ലാ പങ്കാളികളുടെയും കൂട്ടായ താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നത് ബുദ്ധിപരമായ തീരുമാനമെന്നാണ് ബിസിസിഐ വിലയിരുത്തുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.

Scroll to load tweet…

ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിര്‍ണായക തീരുമാനമെടുത്തത്. ഐപിഎല്ലില്‍ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം നടക്കേണ്ടതായിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു.

Scroll to load tweet…

ഐപിഎല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ ഇന്നലെ രാത്രി നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയായിരുന്നു മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫാക്കുകയും മത്സരം ഉടൻ നിർത്തിവക്കുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക