ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ബാറ്റിംഗ് പ്രകടനം മാത്രമെടുത്താന്‍ മനസിലാവും ഇന്ത്യ എത്രത്തോളം ആധികാരികമായിട്ടാണ് കളിക്കുന്നതെന്ന്. നാട്ടില്‍ നടന്ന നാല് മത്സരങ്ങളില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു.

ഇന്‍ഡോര്‍: ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ഒരുങ്ങുകയാണ് ഇന്ത്യ. സ്വന്തം നാട്ടിലാണ് ടൂര്‍ണമെന്റെന്നുള്ളതിനാല്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഏറെ പ്രതീക്ഷയുണ്ട്. 2011ല്‍ എം എസ് ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ലോക കിരീടമുയര്‍ത്തിയത്. ലോകകപ്പ് മുന്‍നിര്‍ത്തി ടി20 മത്സരങ്ങളേക്കാളേറെ ഏകദിനങ്ങള്‍ക്കാണ് ബിസിസിഐ ശ്രദ്ധ നല്‍കുന്നത്. ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് സ്വന്തം നാട്ടിലെ പ്രകടനം തന്നെയാണ്.

ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ബാറ്റിംഗ് പ്രകടനം മാത്രമെടുത്താന്‍ മനസിലാവും ഇന്ത്യ എത്രത്തോളം ആധികാരികമായിട്ടാണ് കളിക്കുന്നതെന്ന്. നാട്ടില്‍ നടന്ന നാല് മത്സരങ്ങളില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇന്‍ഡോറില്‍ നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ്. പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഹൈദരാബാദില്‍ നേടിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ്. ശ്രീലങ്കയ്‌ക്കെതിരേയും ഇന്ത്യ വലിയ സ്‌കോറുകള്‍ കണ്ടെത്തി. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കാര്യവട്ടത്ത് നടന്ന അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് ടീം നേടിയത്. ഗുവാഹത്തിയിലും കാര്യങ്ങള്‍ വ്യത്യസ്ഥമായിരുന്നില്ല. 373 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ പിച്ചുകളിലെ അതേ സാഹചര്യമുള്ള ബംഗ്ലാദേശിലും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധിപത്യം. ചിറ്റഗോങില്‍ ബംഗ്ലാദേശിനെതിരെ അവസാന ഏകദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സാണ് ടീം അടിച്ചെടുത്തത്. 

2009ന് ശേഷം സ്വന്തം നാട്ടില്‍ അവസാന 27 പരമ്പരകളില്‍ മൂന്നില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. റായ്പൂരില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് വിജയം ടീം ഇന്ത്യക്ക് നല്‍കിയത് 2009ന് ശേഷമുളള ഇരുപത്തിനാലാമത്തെ ഏകദിന പരമ്പര വിജയമാണ്. 2012-.13 സീസണില്‍ പാകിസ്ഥാനെതിരെയും 2015-16ല്‍ ദക്ഷിണാഫ്രിക്കയും 2018-19ല്‍ ഓസ്ട്രേലിയയും മാത്രമാണ് 14 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കിയത്. 2019ന് ശേഷം വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ ഏഴ് പരമ്പരകളില്‍ ഇന്ത്യ ജയിച്ചു. ഇതില്‍ വിന്‍ഡീസിനെതിരെയും ലങ്കയ്ക്കെതിരെയും പരമ്പര തൂത്തുവാരി. 

ഇന്ത്യ ആകെ ജയിച്ചത് 72 ഏകദിനങ്ങളില്‍. തോറ്റത് 28ല്‍ മാത്രം. ഒരുകളി ടൈ. രണ്ട് ഏകദിനം ഉപേക്ഷിച്ചു. വിജയശതമാനം 71.78. 27 പരമ്പരകളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വിരാട് കോലിയാണ്. 93 ഇന്നിംഗ്സില്‍ 21 സെഞ്ച്വറികളോടെ 5100 റണ്‍സ്. 69 ഇന്നിംഗ്സില്‍ 11 സെഞ്ച്വറികളോടെ 3820 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമന്‍ മുന്‍നായകന്‍ എം എസ് ധോണി. 56 ഇന്നിംഗ്സില്‍ നാല് സെഞ്ച്വറിയോടെ 2186 റണ്‍സ്.

പേസ് ബൗളമാര്‍മാരില്‍ മുന്നില്‍ മുഹമ്മദ് ഷമി. 274 ഓവറില്‍ 52 വിക്കറ്റ്. ഭുവനേശ്വര്‍കുമാര്‍ 50ഉം ജസ്പ്രീത് ബുംറ 40 വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍മാരില്‍ മുന്നില്‍ രവീന്ദ്ര ജഡേജയാണ്. 517 ഓവറില്‍ 83 വിക്കറ്റ്. രണ്ടാമതുള്ള അശ്വിന് 61ഉം മൂന്നാമതുള്ള കുല്‍ദീപ് യാദവിന് 52ഉം വിക്കറ്റ്.

പന്തെറിഞ്ഞ് സെഞ്ചുറി! 10 ഓവറില്‍ 100 റണ്‍സ് വഴങ്ങി നാണംകെട്ട് ന്യൂസിലന്‍ഡ് ബൗളര്‍