തിലകിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെന്നും ശസ്ത്രക്രിയക്ക് വിധേയനാവുകയാണെങ്കില്‍ മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ മൂന്നോ നാലോ ആഴ്ച സമയം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി യുവതാരം തിലക് വര്‍മയുടെ പരിക്ക്. അടിവയറിന് പരിക്കേറ്റ തിലക് വര്‍മ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി രാജ്കോട്ടില്‍ കളിക്കുന്നതിനിടെയാണ് തിലകിന് പരിക്കേറ്റത്. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് തിലക് ബിസിസിഐ സെന്‍റര്‍ ഓഫ് എക്സലൻസിലെ ഡോക്ടര്‍മാമാരുമായി ആശയവിനിമയം നടത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിലകിനെ സ്കാനിംഗിന് വിധേയനാക്കുകയും ചെയ്തു.

തിലകിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെന്നും ശസ്ത്രക്രിയക്ക് വിധേയനാവുകയാണെങ്കില്‍ മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ മൂന്നോ നാലോ ആഴ്ച സമയം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഈ മാസം 21ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര പൂര്‍ണമായും തിലകിന് നഷ്ടമാകും. ശസ്ത്രക്രിയക്ക് വിധേയനായാല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് പുറമെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തിലക് കളിക്കുന്ന കാര്യം സംശയത്തിലാണ്. ടി20 ലോകകപ്പില്‍ ഫെബ്രുവരി ഏഴിന് മുംബൈയില്‍ അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയെയും ഫെബ്രുവരി 15ന് കൊളംബോയില്‍ പാകിസ്ഥാനെതിരെയും ഫെബ്രുവരി 18ന് അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്സിനുമെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിലക് വര്‍മയുടെ പകരക്കാരനെ സെലക്ടര്‍മാര്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശുഭ്മാന്‍ ഗില്‍ ആയിരിക്കില്ല തിലകിന്‍റെ പകരക്കാരനെന്നും സൂചനയുണ്ട്. തിലകിന് പകരം ശ്രേയസ് അയ്യരെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക