സ്മിത്തിന്‍റെ ടെസ്റ്റ് കരിയറിലെ 37ാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയതോടെ ടെസ്റ്റ് സെഞ്ചുറി വേട്ടയില്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡിനെ(36) മറികടന്ന സ്മിത്ത് ആറാം സ്ഥാനത്തെത്തി.
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. ഓപ്പണര്‍ ട്രാവിസ് ഹെഡിന് പിന്നാലെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 384 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെടുത്തു. 129 റണ്‍സുമായി സ്മിത്തും 42 റണ്‍സുമായി ബ്യൂ വെബ്സ്റ്ററും ക്രീസില്‍. നേരത്തെ ഓപ്പണര്‍ ട്രാവിസ് ഹെഡ് 166 പന്തില്‍ 163 റണ്‍സെടുത്ത് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് ശേഷിക്കെ ഓസീസിനിപ്പോള്‍ 134 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാര്‍സ് മൂന്നും ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റെടുത്തു.
സ്മിത്തിന്‍റെ ടെസ്റ്റ് കരിയറിലെ 37ാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയതോടെ ടെസ്റ്റ് സെഞ്ചുറി വേട്ടയില്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡിനെ(36) മറികടന്ന സ്മിത്ത് ആറാം സ്ഥാനത്തെത്തി. ആഷസില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഓസീസ് താരമെന്ന റെക്കോര്‍ഡും സ്മിത്ത് സ്വന്തമാക്കി. ആഷസിലെ സ്മിത്തിന്‍റെ പതിമൂന്നാം സെഞ്ചുറിയാണിത്. 19 സെഞ്ചുറികള്‍ നേടിയ ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് ഇനി സ്മിത്തിന് മുന്നിലുള്ളത്. 12 സെഞ്ചുറികള്‍ നേടിയിട്ടുള്ള ജാക് ഹോബ്സിനെയാണ് സ്മിത്ത് ഇന്ന് പിന്നിലാക്കിയത്. 167 പന്തില്‍ സെഞ്ചുറിയിലെത്തിയ സ്മിത്ത് 15 ഫോറും ഒരു സിക്സും പറത്തിയാണ് ക്രീസിലുള്ളത്.
ട്രാവിസ് ഹെഡിന് പുറമെ മൈക്കല്‍ നേസര്‍ൾ(24), വിരമിക്കല്‍ ടെസ്റ്റ് കളിക്കുന്ന ഉസ്മാന്‍ ഖവാജ(17), അലക്സ് ക്യാരി(16), കാമറൂണ്‍ ഗ്രീന്‍(37) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിന്‍റെയും(21), മാര്‍നസ് ലാബുഷെയ്നിന്‍റെയും(48) വിക്കറ്റുകള്‍ ഓസീസിന് ആദ്യ ദിനം നഷ്ടമായിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ 3-1ന് മുന്നിലുള്ള ഓസീസ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.


