ഏകദിന ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ ശുഭ്‌മാൻ ഗില്ലിന് ഓസീസിനെതിരെ തോൽവി. ഇതോടെ ടെസ്റ്റ്, ടി20, ഏകദിനം എന്നീ മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം തോറ്റ ഗിൽ, വിരാട് കോലിക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി

പെർത്ത്: ഏകദിന ക്യാപ്റ്റനെന്ന നിലയിൽ ശുഭ്‌മാൻ ഗില്ലിൻ്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ പെർത്തിൽ ഓസീസിനെതിരെ നടന്നത്. ഏഴ് വിക്കറ്റിന് കനത്ത തോൽവി ഏറ്റുവാങ്ങിയ ഈ മത്സരം ഓസീസിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. പെർത്തിലെ സ്റ്റേഡിയത്തിൽ ഓസീസിൻ്റെ ആദ്യ ഏകദിന മത്സര വിജയമായിരുന്നു ഇന്നലത്തേത്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഈ വർഷം ഏകദിന ഫോർമാറ്റിലെ ആദ്യ തോൽവിയും ഈ മത്സരമാണ്. ഐപിഎൽ അവസാനിച്ച ശേഷം കോലിയും രോഹിതും കളിച്ച ആദ്യ മത്സരമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട മത്സരത്തിൽ ഇരുവർക്കും കാര്യമായി ഒന്നും സംഭാവന ചെയ്യാനായില്ല.

രോഹിത് ശർമ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ ഇന്ത്യൻ ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റനായി ഈ വർഷം ആദ്യം ചുമതലയേറ്റ ശുഭ്‌മാൻ ഗിൽ ഇന്ത്യയെ നയിച്ച ആദ്യ മത്സരം ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഹെഡിംഗ്ലിയിൽ നടന്ന ഈ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് തോറ്റത്. അതിന് മുൻപ് 2024 ൽ ടി20 ലോകകപ്പ് നേടിയ ശേഷമുള്ള ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയുടെ എതിരാളി സിംബാബ്‌വേയായിരുന്നു. അന്ന് ടി20 ക്യാപ്റ്റനായി ഇന്ത്യയെ ആദ്യമായി നയിച്ച ഗില്ലിൻ്റെ പട, സിംബാബ്‌വേയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 13 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്നലത്തെ ഏകദിന മത്സര തോൽവി കൂടി ഈ പട്ടികയിൽ ചേർക്കപ്പെട്ടതോടെ, വിരാട് കോലിക്ക് ശേഷം മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റനെന്ന നിലയിൽ ആദ്യ മത്സരം തോൽക്കുന്ന ഇന്ത്യൻ കളിക്കാരനായി ശുഭ്‌മാൻ ഗിൽ മാറി.

ഇന്ത്യൻ ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റനായി 2014 ലാണ് വിരാട് കോലി സ്ഥാനമേറ്റത്. അഡ്‌ലെയ്‌ഡിൽ ഓസീസിനെതിരെയായിരുന്നു ആധ്യ മത്സരം. ആ മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിലും കോലി സെഞ്ച്വറി നേടി. എന്നാൽ 48 റൺസിന് ഇന്ത്യ ഓസീസിനോട് തോറ്റു. ഇതിന് മുൻപ് 2013 ജൂലൈയിൽ ഏകദിന ക്യാപ്റ്റനായി വിരാട് കോലി ആദ്യമായി നയിച്ച ഇന്ത്യൻ ടീം ശ്രീലങ്കയോട് 161 റൺസിൻ്റെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. പിന്നീട് ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിൻ്റെ നായക പദവി ഏറ്റെടുത്തപ്പോഴും വിരാട് കോലിക്ക് ജയത്തുടക്കം കിട്ടിയില്ല. 2017 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന് ഇന്ത്യ തോറ്റു.

മഴ അടിക്കടി തടസപ്പെടുത്തിയ ഇന്നലത്തെ ഓസീസിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്. രോഹിത് ശർമ്മ എട്ട് റൺസെടുത്തും വിരാട് കോലി റൺസൊന്നും നേടാതെയും പുറത്തായതിന് പിന്നാലെ ടീം സ്കോറിൽ കാര്യമായ സംഭാവന നൽകാതെ ക്യാപ്റ്റൻ ഗില്ലും പവലിയനിലേക്ക് മടങ്ങുകയായിരുന്നു.