ബംഗ്ലാദേശിലും അതിന് മുമ്പ് ന്യൂസിലന്‍ഡിലും റണ്‍സ് കണ്ടെത്താന്‍ ശിഖര്‍ ധവാന്‍ പ്രയാസപ്പെട്ടിരുന്നു

മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഒരുകാലത്ത് ടീം ഇന്ത്യയുടെ വിശ്വസ്‌ത ഓപ്പണറായിരുന്നു ശിഖര്‍ ധവാന്‍. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന ധവാന്‍റെ സ്‌ട്രൈക്ക് റേറ്റും ബാറ്റിംഗ് ശരാശരിയും വലിയ വിമര്‍ശനം നേരിടുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ധവാന്‍റെ പേരില്ലാത്തത് താരത്തിന്‍റെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ജനിപ്പിക്കുകയാണ്. അടുത്ത വര്‍ഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് പദ്ധതികളില്‍ ധവാന്‍റെ പേരില്ല എന്നാണ് കരുതേണ്ടത്. 

അടുത്തിടെ ബംഗ്ലാദേശിലും അതിന് മുമ്പ് ന്യൂസിലന്‍ഡിലും റണ്‍സ് കണ്ടെത്താന്‍ ശിഖര്‍ ധവാന്‍ പ്രയാസപ്പെട്ടിരുന്നു. ഓപ്പണര്‍ സ്ഥാനത്ത് ഇഷാന്‍ കിഷന്‍ ശക്തമായി രംഗത്തുണ്ട് എന്നതാണ് ധവാന്‍ നേരിടുന്ന വലിയ ഭീഷണി. ശുഭ്‌മാന്‍ ഗില്ലാണ് നായകന്‍ രോഹിത് ശര്‍മ്മയെ കൂടാതെ സ്‌ക്വാഡിലുള്ള മറ്റൊരു ഓപ്പണര്‍. ഏകദിന ക്രിക്കറ്റിലെ വേഗമേറിയ ഡബിള്‍ സെഞ്ചുറിയുമായി ബംഗ്ലാദേശ് പര്യടനത്തില്‍ ഇഷാന്‍ തിളങ്ങിയിരുന്നു. അടുത്ത ഏകദിന ലോകകപ്പില്‍ ഇഷാന്‍ കിഷനെ ഓപ്പണറായി പ്രതീക്ഷിക്കുന്നതായി ഓസീസ് ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥിരതയും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഏകദിന ലോകകപ്പില്‍ ഉറപ്പായും ഇഷാന്‍ ഓപ്പണറാവും എന്നായിരുന്നു ലീയുടെ വാക്കുകള്‍. 

ടീം ഇന്ത്യക്കായി 167 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള മുപ്പത്തിയേഴുകാരനായ ശിഖര്‍ ധവാന്‍ 44.11 ശരാശരിയിലും 91.35 സ്ട്രൈക്ക് റേറ്റിലും 6793 റണ്‍സ് നേടി. 17 സെഞ്ചുറികള്‍ ഉള്‍പ്പടെയാണിത്. ഇതിന് പുറമെ 34 ടെസ്റ്റും 68 രാജ്യാന്തര ടി20കളും ധവാന്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2315 റണ്‍സും ടി20യില്‍ 1759 റണ്‍സുമാണ് നേട്ടം. അവസാന ടെസ്റ്റ് 2018 സെപ്റ്റംബര്‍ ഏഴിനും അവസാന ട്വന്‍റി 20 2021 ജൂലൈ 29നുമായിരുന്നു. 

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌‌മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്‌ദീപ് സിംഗ്. 

ലങ്കന്‍ പരമ്പര: റിഷഭ് പന്തിനെ പുറത്താക്കിയതോ പരിക്കോ? സൂചനകള്‍ ഇങ്ങനെ