രോഹിത് ശര്‍മയെ അഞ്ചാം ഓവറില്‍ നഷ്ടമായതോടെ ക്രീസിലെത്തിയ വിരാട് കോലി കഴിഞ്ഞ മത്സരത്തിൽ നിര്‍ത്തിയേടത്തു നിന്നാണ് തുടങ്ങിയത്.

റായ്പൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലിയുടെയും കന്നി ഏകദിന സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്തിട്ടുണ്ട്. 90 പന്തില്‍ 100 റണ്‍സുമായി വിരാട് കോലിയും 8 പന്തില്‍ 14 റണ്‍സുമായി കെ എല്‍ രാഹുലും ക്രീസീല്‍. 77 പന്തില്‍ ആദ്യ ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ റുതുരാജ് ഗെയ്ക്‌വാദ് 36ാം ഓവറില്‍ 83 പന്തില്‍ 105 റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ റുതുരാജ്-കോലി സഖ്യം156 പന്തില്‍ 195 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാൻസന്‍ രണ്ട് വിക്കറ്റെടുത്തു.

കോലിക്കരുത്ത്

രോഹിത് ശര്‍മയെ അഞ്ചാം ഓവറില്‍ നഷ്ടമായതോടെ ക്രീസിലെത്തിയ വിരാട് കോലി കഴിഞ്ഞ മത്സരത്തിൽ നിര്‍ത്തിയേടത്തു നിന്നാണ് തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ സിക്സ് അടിച്ച് അക്കൗണ്ട് തുറന്ന കോലി അതിവേഗം സ്കോര്‍ ചെയ്ത് സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തി. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്കോര്‍ ഉയര്‍ത്തിയ കോലി തുടക്കത്തില്‍ റുതുരാജിന്‍റെ സമ്മര്‍ദ്ദമകറ്റി. 47 പന്തില്‍ കോലി അര്‍ധസെഞ്ചുറി തികച്ചു. ഒരു ഘട്ടത്തില്‍ റുതുരാജിന് ഏറെ പിന്നിലായിരുന്ന കോലി അര്‍ധസെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച് ഒപ്പം പിടിച്ചു. ഒരുഘട്ടത്തില്‍ രണ്ടുപേരും 92 റണ്‍സിലെത്തിയെങ്കിലും തുടര്‍ച്ചയായ ബൗണ്ടറികളോടെ റുതുരാജ് 79 പന്തില്‍ സെഞ്ചുറിയിലെത്തി. പിന്നാലെ റുതുരാജ് പുറത്തായെങ്കിലും രാഹുലിനെ സാക്ഷി നിര്‍ത്തി കോലി 90 പന്തില്‍ 53-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കോലി സെഞ്ചുറി നേടുന്നത്. റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ കോലി 120 പന്തില്‍ 135 റണ്‍സടിച്ചിരുന്നു.

ആശിച്ച തുടക്കം

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആശിച്ച തുടക്കമാണ് ലഭിച്ചത്. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയും വൈഡുകളും അടക്കം ഇന്ത്യ 14 റണ്‍സ് നേടി. രണ്ടാം ഓവറില്‍ ലുങ്കി എന്‍ഗിഡയും മൂന്ന് വൈഡെറിഞ്ഞെങ്കിലും ഇന്ത്യക്ക് 8 റണ്‍സെ നേടിനായുള്ളു. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടി രോഹിത് ശര്‍മ ടോപ് ഗിയറിലായി. എന്നാല്‍ അതേ ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ വിക്കറ്റിന് പിന്നില്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ കൈകളിലെത്തിച്ച ബര്‍ഗര്‍ തിരിച്ചടിച്ചു. 8 പന്ത് നേരിട്ട രോഹിത് 14 റണ്‍സാണ് നേടിയത്. മൂന്നാം നമ്പറിലിറങ്ങിയ വിരാട് കോലി നേരിട്ട നാാലം പന്തില്‍ എന്‍ഗിഡിക്കെതിരെ സിക്സ് അടിച്ചാണ് ഇന്നിംഗ്സ് തുടങ്ങിയത്. പിന്നാലെ നാന്ദ്രെ ബര്‍ഗറിനെതിരെ ജയ്സ്വാളും സിക്സ് അടിച്ചു. ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ മാര്‍ക്കോ യാന്‍സനെ ബൗണ്ടറിയടിച്ചാണ് കോലി വരവേറ്റത്. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബൗണ്‍സറില്‍ ജയ്സ്വാളിനെ കോര്‍ബിന്‍ ബോഷിന്‍റെ കൈകളിലെത്തിച്ച് യാന്‍സന്‍ രണ്ടാം പ്രഹരമേല്‍പ്പിച്ചു.

നേരത്തെ ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമായത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എൻഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക