വിംബിള്‍ഡണില്‍ നൊവാക് ജോക്കോവിച്ചിന്റെ മത്സരം കാണാന്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയുമെത്തി. 

ലണ്ടന്‍: വിംബിള്‍ഡണില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്റെ മത്സരം കാണാന്‍ വിംബിള്‍ഡണ്‍ ഗാലറിയിലെത്തി വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും. റോയല്‍ ബോക്‌സിലിരുന്നാണ് കോലിയും അനുഷ്‌കയും മത്സരം കണ്ടത്. ഇരുവരും വിംബിള്‍ഡണ്‍ ഗാലറിയിലിരിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മത്സരത്തില്‍ ജോക്കോവിച്ച് ജയിച്ചിരുന്നു. പ്രീക്വാര്‍ട്ടറില്‍ അലക്‌സ് മിനോറിനെ തോല്‍പ്പിക്കുകയായിരുന്നു ജോക്കോവിച്ച്. സ്‌കോര്‍ 1-6, 6-4, 6-4, 6-4

ജയത്തോടെ മുന്‍ ചാംപ്യന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിന് ശേഷം ജോക്കോവിനെ പ്രകീര്‍ത്തിച്ച് വിരാട് കോലി രംഗത്തെത്തി. കോലിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ജോക്കോവിച്ച് പങ്കുവെക്കുകയും ചെയ്തു. പിന്തുണച്ചതിന് നന്ദിയെന്ന് ജോക്കോവിച്ച് മറുപടി നല്‍കി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചാമ്പ്യന്‍മാരായതിന് ശേഷം കോലിയും അനുഷ്‌കയും ലണ്ടനിലാണ് കഴിയുന്നത്. സ്വകാര്യ ജീവിതം സ്വസ്ഥാമാക്കാന്‍ കോലിയും അനുഷ്‌കയും ലണ്ടനില്‍ സ്ഥിരതാമസമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Scroll to load tweet…

ലണ്ടനിലെ സെന്റ് ജോണ്‍സ് വുഡില്‍, കോലി വീട് വാങ്ങിയെന്ന് ഇംഗ്ലണ്ടിന്റെ മുന്‍താരവും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകനുമായ ജൊനാഥന്‍ ട്രോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, എട്ട് തവണ ചാമ്പ്യനായ റോജര്‍ ഫെഡററെ ഗാലറിയില്‍ സാക്ഷിയാക്കിയായിരുന്നു ജോകോവിച്ചിന്റെ ജയം. ആദ്യ സെറ്റ് നഷ്ടമായ ശേഷം ജോകോവിച്ച് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മത്സരം മൂന്ന് മണിക്കൂറും 18 മിനിറ്റും നീണ്ടുനിന്നു. മത്സരശേഷം ഫെഡററെ പ്രശംസിച്ച് ജോകോവിച്ചും രംഗത്തുവന്നു. ഫെഡറര്‍ തനിക്ക് വലിയ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ് ഫെഡറര്‍ ഗാലറിയില്‍ വന്ന മത്സരങ്ങളിലെല്ലാം താന്‍ തോറ്റുവെന്നും, ഇത്തവണ ജയിച്ചതില്‍ സന്തോഷമെന്നും ജോകോവിച്ച് പറഞ്ഞു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയുടെ ഫ്‌ളാവിയോ കൊബോളിയാണ് ജോക്കോവിച്ചിന്റെ എതിരാളി. മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ഇറ്റലിയുടെ യാനിച്ച് സിന്നര്‍ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ സിന്നര്‍ക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു. മത്സരത്തിനിടെ ഗ്രിഗറി ദിമിത്രോവ് പിന്മാറിയതോടെയാണ് സിന്നര്‍ ക്വാര്‍ട്ടറിലെത്തിയത്. 6-3, 7-5 എന്നിങ്ങനെ രണ്ട് സെറ്റുകള്‍ക്ക് പിന്നിലായിരുന്നു സിന്നര്‍. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ടെയ്‌ലര്‍ ഫ്രിറ്റ്‌സ്, കരേണ്‍ ഖച്ചനോവിനെ നേരിടും. വൈകിട്ട് 7.10ന് കാര്‍ലോസ് അല്‍ക്കാറസ്, കാമറോണ്‍ നോറിയെ നേരിടും.

YouTube video player