ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോലി സഹതാരങ്ങളെയും ടീം മാനേജ്മെന്‍റിനെയും അറിയിച്ചെങ്കിലും അന്നത് ആരും ഗൗരവമായി എടുത്തിരുന്നില്ല.

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടിലുറച്ചു നിന്ന് വിരാട് കോലി. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിിസഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല.

പിന്നീട് കോലിയെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളുമായി ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഈ ശ്രമവും വിജയിച്ചില്ലെന്നാണ് സൂചന. കോലി തന്‍റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കോലിയുടെ തീരുമാനം അംഗീകരിക്കുക എന്നത് മാത്രമാണ് സെലക്ടര്‍മാര്‍ക് മുന്നിലെ മാര്‍ഗമെന്നാണ് റിപ്പോര്‍ട്ട്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോലി സഹതാരങ്ങളെയും ടീം മാനേജ്മെന്‍റിനെയും അറിയിച്ചെങ്കിലും അന്നത് ആരും ഗൗരവമായി എടുത്തിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനം തുടരുന്ന കോലിയുടെ ഓഫ് സ്റ്റംപിന് പുറത്തു പോകുന്ന പന്തുകളിലെ ബലഹീനത എതിരാളികള്‍ മുതലെടുത്തിരുന്നു. ഇംഗ്ലണ്ടിലെ സീമിംഗ് സാഹചര്യങ്ങളില്‍ ഇത് കൂടുതല്‍ തുറന്നുകാട്ടപ്പെടുമെന്ന് കോലിയും ഭയക്കുന്നു.

ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമാണ് വിരാട് കോലിയുടെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് വിരാട് കോലിയാണ് ഒരു ദശകത്തോളം ഇന്ത്യയുടെ നെടുന്തൂണായത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം1990 റണ്‍സ് മാത്രമാണ് കോലി ആകെ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക