ഓസ്ട്രേലിയക്ക് എതിരെ കരിയറില്‍ 24 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വിരാട് കോലി 1979 റണ്‍സ് നേടിയിട്ടുണ്ട്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇറങ്ങും മുമ്പ് മനസ് തുറന്ന് ഇന്ത്യന്‍ റണ്‍ മെഷീന്‍ വിരാട് കോലി. ഓസീസ് ഏറെ മത്സരാഭിമുഖ്യമുള്ള ടീമാണെന്നും അത് തന്‍റെ പ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും എന്നും കോലി വ്യക്തമാക്കി. ഓസ്ട്രേലിയക്ക് എതിരെ കരിയറില്‍ 24 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വിരാട് കോലി 1979 റണ്‍സ് നേടിയിട്ടുണ്ട്. 8 സെഞ്ചുറികളും അഞ്ച് അര്‍ധശതകങ്ങളും ഉള്‍പ്പടെയാണിത്. 

'വളരെ മത്സരബുദ്ധിയുള്ള ടീമാണ് ഓസീസ്. ചെറിയൊരു അവസരം തുറന്നുകൊടുത്താല്‍ അവര്‍ കടുത്ത പോരാട്ടം കാഴ്‌ചവെക്കും. അവരുടെ സ്‌കില്‍ സെറ്റ് വളരെ ഉയരെയാണ്. അതിനാലാണ് ഓസീസിനെതിരെ കളിക്കുമ്പോള്‍ എന്‍റെ ക്രിക്കറ്റും അത്രത്തോളം മത്സരബുദ്ധിയുള്ളതാവുന്നത്. ഓസീസിനെതിരെ ഇറങ്ങുമ്പോള്‍ അവരെ തോല്‍പിക്കാനുള്ള ലെവലിലേക്ക് ഞാനെന്‍റെ കളിയെ കൊണ്ടുപോകാന്‍ ശ്രമിക്കും. ഓവലില്‍ ഫ്ലാറ്റ് വിക്കറ്റ് ലഭിക്കില്ല. അതിനാല്‍ നമ്മള്‍ ജാഗ്രത പാലിക്കണം. കൂടുതല്‍ ഏകാഗ്രത പാലിക്കുകയും സാഹചര്യത്തിന് അനുയോജ്യമായി ബാറ്റ് ചെയ്യുകയും വേണം. അടിക്കാന്‍ ശ്രമിക്കുന്ന പന്ത് തെരഞ്ഞെടുക്കുന്നതിലാണ് പേസും സ്വിങുമുള്ള ഓസീസ് സാഹചര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത്. സ്ഥായിയായ സാങ്കേതിക ബാറ്റര്‍മാര്‍ക്ക് ആവശ്യമാണ്. സന്തുലിതമായ ബാറ്റിംഗ് ഏറെ ആവശ്യമാണ്. രണ്ട് ടെസ്റ്റ് പരമ്പരകള്‍(2018/19, 2020/21) തുടര്‍ച്ചയായി ഓസ്ട്രേലിയയില്‍ ടീം ഇന്ത്യ ജയിച്ച ശേഷം ഓസീസ് ടീം തങ്ങളോട് ഏറെ ബഹുമാനം കാണിക്കാന്‍ തുടങ്ങി' എന്നും കോലി വ്യക്തമാക്കി. 

ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴാം തിയതിയാണ് ഇന്ത്യ-ഓസീസ് ഫൈനല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ടീം ഇന്ത്യക്ക് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍. പാറ്റ് കമ്മിന്‍സ് ഓസീസിനെ നയിക്കും. ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി പുറത്തെടുത്ത ഹോട്ട് ഫോമോടെയാണ് വിരാട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുന്നത്. 

Read more: ഇത് വേറെ ലെവല്‍ കോലി, പഴയ ഓര്‍മ്മയില്‍ കളിക്കാനിറങ്ങിയാല്‍ പണി പാളും! മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News