അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരം നേടുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലി സ്വന്തമാക്കി.

വിശാഖപട്ടണം: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ഏറ്റുവാങ്ങുന്ന താരമായി വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പ്ലെയര്‍ ഓഫ് ദ സീരീസ് ആയതോടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്തള്ളാന്‍ കോലിക്ക് സാധിച്ചു. കോലിക്ക് നിലവില്‍ 20 പുരസ്‌കാരങ്ങളാണുള്ളത്. ക്രിക്കറ്റ് ഇതിഹാസം 19 പുരസ്‌കാരങ്ങളുമായി രണ്ടാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനാണ് മൂന്നാമത്. 17 തവണ ബംഗ്ലാ ഓള്‍റൗണ്ടര്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടി.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസ് നാലാം സ്ഥാനത്തുണ്ട്. 14 പുരസ്‌കാരങ്ങളാണ് അക്കൗണ്ടില്‍. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ, മുന്‍ ഓസ്‌ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും 13 പുരസ്‌കാരങ്ങള്‍ വീതമുണ്ട്. ഇനി ഏകദിനങ്ങള്‍ മാത്രമെടുത്താന്‍ സച്ചിനാണ് മുന്നില്‍. 14 പ്ലെയര്‍ ഓഫ് ദ സീരീസ് സച്ചിന്‍ നേടി. 11 എണ്ണം വീതം നേടിയ ജയസൂര്യ, കോലി എന്നിവര്‍ രണ്ടാം സ്ഥാനത്ത്. എട്ടെണ്ണം വീതം നേടിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും, മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷോണ്‍ പൊള്ളോക്കും തൊട്ടടുത്ത സ്ഥാനങ്ങളില്‍.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഒരു നാഴികക്കല്ല് പിന്നിടാന്‍ രോഹിത് ശര്‍മയ്ക്കും സാധിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ 27 റണ്‍സെടുത്തതോടെ രോഹിത് രാജ്യാന്തര ക്രിക്കറ്റില്‍ 20000 റണ്‍സെന്ന നാഴികകല്ല് പിന്നിട്ടു. ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (34357), വിരാട് കോലി(27910), രാഹുല്‍ ദ്രാവിഡ്(24208) എന്നിവര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം താരമാണ് രോഹിത്. രാജ്യാന്തര ക്രിക്കറ്റില്‍ 20000 റണ്‍സ് തികയ്ക്കുന്ന ലോക ക്രിക്കറ്റിലെ പതിമൂന്നാമത്തെ മാത്രം താരവുമാണ് രോഹിത്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ 27 റണ്‍സായിരുന്നു രോഹിത്തിന് 20000 റണ്‍സ് തികക്കാന്‍ വേണ്ടിയിരുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി 504 മത്സരങ്ങളില്‍ നിന്നാണ് രോഹിത് 20000 രാജ്യാന്തര റണ്‍സ് അടിച്ചെടുത്തത്. ഏകദിനങ്ങളില്‍ ഇനിയെത്രകാലം തുടരാനാവുമെന്ന സംശയങ്ങള്‍ക്കിടെയാണ് 38കാരനായ രോഹിത്തിന്റെ റെക്കോര്‍ഡ് നേട്ടം. രോഹിത് നേടിയ 20000 റണ്‍സില്‍ 11500ല്‍ അധികം റണ്‍സും ഏകദിനങ്ങളില്‍ നിന്നാണ്. ടെസ്റ്റില്‍ 4301 റണ്‍സും ടി20യില്‍ 4231 റണ്‍സും രോഹിത് നേടിയിട്ടുണ്ട്.

YouTube video player