ഇതിനിടെ ഇന്ത്യൻ താരം മുഹമ്മദ് സിറാദജ് ബൗണ്ടറിക്ക് അരികിലേക്ക് വന്ന് ആരാധകരോട് നിശബ്ദരാകാന്‍ ചുണ്ടില്‍ വിരല്‍ വെച്ച് ആംഗ്യം കാട്ടിയെങ്കിലും ആരാധകര്‍ അടങ്ങിയില്ല.
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്കുശേഷം ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെതിരെ രോഷപ്രകടനവുമായി ആരാധകര്‍. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിനിടെയാണ് ആരാധകര്‍ രോഷാകുലരായി പൊട്ടിത്തെറിച്ചത്. സമ്മാനദാനച്ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യൻ താരങ്ങളും ഗൗതം ഗംഭീറും ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴായിരുന്നു ഒരുവിഭാഗം ആരാധകര്‍ ഗ്യാലറിയില്‍ നിന്ന് ഉച്ചത്തില്‍ ഗംഭീര്‍ ഗോ ഡൗണ്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞത്. ഒരു ആരാധകന്‍ വിളിച്ചത് മറ്റുള്ളവര്‍ ഏറ്റുപറയുകയായിരുന്നു. ആരാധകര്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയെങ്കിലും ഗംഭീര്‍ പ്രതികരിച്ചില്ല. എന്നാല്‍ ഇന്ത്യൻ ടീം അംഗങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
ഇതിനിടെ ഇന്ത്യൻ താരം മുഹമ്മദ് സിറാദജ് ബൗണ്ടറിക്ക് അരികിലേക്ക് വന്ന് ആരാധകരോട് നിശബ്ദരാകാന്‍ ചുണ്ടില്‍ വിരല്‍ വെച്ച് ആംഗ്യം കാട്ടിയെങ്കിലും ആരാധകര്‍ അടങ്ങിയില്ല. ഈസമയം ബൗണ്ടറി റോപ്പിന് പുറക്ക് ഗ്യാലറിക്ക് അരികില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യൻ ടീം ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടക് ആരാധകര്‍ക്കുനേരെ തിരിഞ്ഞ് ചീത്തവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗംഭീറിന് കീഴില്‍ നാട്ടില്‍ രണ്ടാമത്തെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ 0-3ന് തോറ്റ് നാണംകെട്ട ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ 0-2നാണ് തോറ്റത്. ഗംഭീറിന് കീഴില്‍ ഇന്ത്യക്ക് നാട്ടില്‍ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ മാത്രമാണ് പരമ്പര നേടാനായത്.
അതേസമയം,ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും ഗൗതം ഗംഭീറെ പരിശീലക സ്ഥാനത്തു നിന്ന് ബിസിസിഐ മാറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ ഗഭീറിന് പകരം വിവിഎസ് ലക്ഷ്മണ്‍ പരീശിലകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടീം തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന സമയത്ത് ഗംഭീറിന് പൂര്‍ണ പിന്തുണ നല്‍കി മുന്നോട്ടുപോകാനാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് സൂചനകള്‍. ഇന്ത്യക്ക് ഇനി അടുത്തവര്‍ശം ശ്രീലങ്കക്കെതിരെ മാത്രമാണ് ടെസ്റ്റ് പരമ്പരയുള്ളത്. ഈ സാഹചര്യത്തില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ ഗംഭീറിനെ മാറ്റാനിടയില്ല.


