ഐപിഎല്ലിലെ അവസാന സീസണുകളിൽ പഞ്ചാബ് ടീമിൽ കളിച്ചിരുന്ന കാലത്ത് അപമാനിതനായാണ് താൻ മതിയാക്കിയതെന്ന് ക്രിസ് ഗെയ്‌ൽ.
ചണ്ഡീഗഡ്: ഐപിഎല്‍ കരിയര്‍ അപൂര്‍ണമായാണ് അവസാനിച്ചതെന്ന് തുറന്നു പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ല്‍. ഐപിഎല്ലിലെ അവസാന സീസണുകളില്‍ പഞ്ചാബ് ടീമില്‍ കളിച്ചിരുന്ന കാലത്ത് അപമാനിതനായാണ് താന്‍ ഐപിഎല്‍ മതിയാക്കിയതെന്നും ക്രിസ് ഗെയ്ല്‍ ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു. ഐപിഎല്ലില്‍ 2018 മുതല്‍ 2021 വരെ പഞ്ചാബ് കിംഗ്സിന്‍റെ താരമായിരുന്നു ക്രിസ് ഗെയ്ല്‍. പഞ്ചാബ് കുപ്പായത്തില്‍ 41 മത്സരങ്ങളില്‍ 40.75 ശരാശരിയിലും 148.65 സ്ട്രൈക്ക് റേറ്റിലും 1304 റണ്‍സാണ് ഗെയ്ല്‍ അടിച്ചത്. ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറികളും ഗെയ്ല്‍ പഞ്ചാബിനായി നേടിയിട്ടുണ്ട്.
എന്‍റെ ഐപിഎല്‍ കരിയര്‍ അപൂര്‍ണമായാണ് അവസാനിച്ചത്. 2021ല്‍ പഞ്ചാബ് കിംഗ്സില്‍ കളിച്ചിരുന്ന കാലത്ത് അപമാനിതനായാണ് ഞാന്‍ പുറത്തുപോയത്. ഒരു സീനിയര്‍ താരമെന്ന പരിഗണന പലപ്പോഴും എനിക്ക് ലഭിച്ചില്ല. ഒരു കുട്ടിയെ പോലെയാണ് അവര്‍ എന്നെ കണ്ടത്. അതെന്‍റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. ആ സമയം ഞാന്‍ വിഷാദത്തിലേക്ക് വീഴുമോ എന്നുപോലും ഭയപ്പെട്ടു.അതിന് മുമ്പ് ആളുകളൊക്കെ വിഷാദത്തെക്കുറിച്ചൊക്കെ പറയുമ്പോള്‍ ഇതെന്താണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
അന്നത്തെ പഞ്ചാബ് പരിശീലകനായിരുന്ന അനില്‍ കുംബ്ലെയോട് ഇക്കാര്യങ്ങള്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ആ സമയത്ത് ടീം മുന്നോട്ട് പോയ രീതിയില്‍ ഞാന്‍ തികച്ചും നിരാശനായിരുന്നു. കാരണം, പലപ്പോഴും കാരണങ്ങളില്ലാതെ എന്നെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കിയത് എന്നെ വേദനിപ്പിച്ചു. അന്ന് ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുല്‍ എന്നെ ഫോണില്‍ വിളിച്ച് അടുത്ത മത്സരത്തില്‍ എന്തായാലും പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നുവരെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ രാഹുലിനോട് നന്ദി പറഞ്ഞ് മതിയാക്കുകയായിരുന്നു-ഗെയ്ല്‍ പറഞ്ഞു.
രാഹുല്‍ ഒരിക്കല്‍ എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞത്, ക്രിസ് നിങ്ങള്‍ പോവരുത്, ടീമിനൊപ്പും തുടരു, അടുത്ത കളിയില്‍ എന്തായാലും നിങ്ങളുണ്ടാകുമെന്നായിരുന്നു. പക്ഷെ താന്‍ രാഹുലിന് എല്ലാവിധ ആശംസകളും നേര്‍ന്ന് ബാഗും പാക്ക് ചെയ്ത് പോകുകയായിരുന്നുവെന്നും ഗെയ്ൽ വെളിപ്പെടുത്തി. ആദ്യ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളി തുടങ്ങി ക്രിസ് ഗെയ്‌ൽ പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായും പഞ്ചാബ് കിംഗ്സിനായും കളിച്ചു. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 175 റണ്‍സ് ഇപ്പോഴും ഗെയ്‌ലിന്‍റെ പേരിലാണ്. 2021ല്‍ കൊവിഡ് കാലത്ത് കളിക്കാരെല്ലാം ഹോട്ടലുകളിലെ ബയോ ബബ്ബിളില്‍ കഴിയുന്ന കാലത്ത് നടന്ന ഐപിഎല്ലിനിടെയാണ് ഗെയ്‌ല്‍ കളി മതിയാക്കി പോയത്. ഐപിഎല്ലില്‍ 142 മത്സരങ്ങള്‍ കളിച്ച ഗെയ്ൽ 4965 റണ്‍സടിച്ചിട്ടുണ്ട്.
