സിക്സ് അടിച്ച് സെഞ്ചുറി തികച്ച റിങ്കു തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പറത്തിയാണ് ടീമിനെ വിജയവര കടത്തിയത്.

ലക്നൗ: ഉത്തര്‍പ്രദേശ് പ്രീമിയര്‍ ലീഗ് ടി20യില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി ഇന്ത്യൻ താരം റിങ്കു സിംഗ്. ഗോരഖ്‌പൂര്‍ ലയണ്‍സിനെതിരായ മത്സരത്തില്‍ 48 പന്തില്‍ 108 റണ്‍സുമായി പുറത്താകാതെ നിന്ന റിങ്കുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ മീററ്റ് മാവെറിക്സ് ആറ് വിക്കറ്റിന്‍റെ അനായാസ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഗോരഖ്‌പൂര്‍ ലയണ്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മീററ്റ് മാവെറിക്സ് എട്ടോവര്‍ കഴിഞ്ഞപ്പോള്‍ 38-4 എന്ന നിലയില്‍ തകര്‍ന്ന് തോല്‍വി മുന്നില്‍ കണ്ടപ്പോഴാണ് അ‍ഞ്ചാമനായി റിങ്കു ക്രീസിലെത്തിയത്.

നേരിട്ട ആദ്യ 34 പന്തില്‍ 58 റണ്‍സെടുത്ത റിങ്കു അടുത്ത 14 പന്തില്‍ 51 റണ്‍സ് കൂടി അടിച്ചെടുത്ത് ടീമിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 22 പന്തില്‍ 22 റണ്‍സുമായി ഷാബ് യുവരാജ് റിങ്കുവിനൊപ്പം പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 130 റണ്‍സടിച്ചപ്പോള്‍ 108 റൺസും റിങ്കുവിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. 48 പന്തില്‍ ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു റിങ്കുവിന്‍റെ ഇന്നിംഗ്സ്. 38 പന്തില്‍ 68 റണ്‍സിലെത്തിയ റിങ്കു പന്നീട് നേരിട്ട എട്ട് പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്സും പറത്തി.

Scroll to load tweet…

സിക്സ് അടിച്ച് സെഞ്ചുറി തികച്ച റിങ്കു തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പറത്തിയാണ് ടീമിനെ വിജയവര കടത്തിയത്. മൂന്ന് കളികളില്‍ മീററ്റിന്‍റെ രണ്ടാം ജയമാണിത്. മൂന്ന് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ മീററ്റ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഏഷ്യാ കപ്പ് ടീമില്‍ റിങ്കുവിനെ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ഉയരുമ്പോഴാണ് യുപി ടി20 ലീഗില്‍ റിങ്കുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗോരഖ്പൂറിനായി ക്യാപ്റ്റന്‍ ധ്രുവ് ജുറെല്‍ 32 പന്തില്‍ 38 റണ്‍സടിച്ചപ്പോള്‍ നിഷാന്ത് കുശ്‌വാ 24 പന്തില്‍ 37 റണ്‍സടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക