അഡ്‌ലെയ്ഡില്‍ ഹര്‍ഷിത് റാണയുടെ പന്തുകള്‍ തൂക്കിയടിച്ച് ഇന്ത്യയുടെ വിജയപ്രതീക്ഷ തല്ലിക്കെടുത്തിയ മിച്ചല്‍ ഓവൻ ക്രീസിലെത്തിയപ്പോള്‍ ഇത്തവണയും പന്തെറിയാനുണ്ടായത് ഹര്‍ഷിത് തന്നെയായിരുന്നു.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയുടെ നടുവൊടിഞ്ഞത് മധ്യനിരയില്‍ തകര്‍ത്തടിക്കുന്ന മിച്ചല്‍ ഓവന്‍റെ വിക്കറ്റ് വീണതോടെയായിരുന്നു. അതിന് കെണിയൊരുക്കിയതാകട്ടെ മുന്‍ നായകന്‍ രോഹിത് ശര്‍മയും. 34-ാം ഓവറില്‍ 184-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസ് 280ന് മുകളിൽ അനായാസം സ്കോര്‍ ചെയ്യുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഹര്‍ഷിത് റാണയുടെ പന്തില്‍ അലക്സ് ക്യാരിയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ശ്രേയസ് അയ്യര്‍ പുറത്താക്കുകയും ടോപ് സ്കോററായ മാറ്റ് റെന്‍ഷാ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പന്തില്‍ മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തതോടെ കഴി‍ഞ്ഞ മത്സരത്തിലേതുപോലെ കൂപ്പര്‍ കൊണൊലി-മിച്ചല്‍ ഓവന്‍ കൂട്ടുകെട്ടിലായി ഓസീസിന്‍റെ അവസാന പ്രതീക്ഷ. അഡ്‌ലെയ്ഡില്‍ ഹര്‍ഷിത് റാണയുടെ പന്തുകള്‍ തൂക്കിയടിച്ച് ഇന്ത്യയുടെ വിജയപ്രതീക്ഷ തല്ലിക്കെടുത്തിയ മിച്ചല്‍ ഓവൻ ക്രീസിലെത്തിയപ്പോള്‍ ഇത്തവണയും പന്തെറിയാനുണ്ടായത് ഹര്‍ഷിത് തന്നെയായിരുന്നു.

എന്നാല്‍ പുതുതായി ക്രീസിലെത്തിയ മിച്ചല്‍ ഓവനെതിരെ എങ്ങനെ പന്തെറിയണമെന്ന് ഹര്‍ഷിതിനെ ഉപദേശിച്ചത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലായിരുന്നില്ല, മുന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മയായിരുന്നു. സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തി ഗുഡ് ലെങ്ത്തില്‍ എറിഞ്ഞാല്‍ മികച്ച ബൗണ്‍സ് കിട്ടുമെന്ന് ഹര്‍ഷിതിനെ ഉപദേശിച്ചശേഷം രോഹിത് തന്നെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയും ചെയ്തു. രോഹിത് പറഞ്ഞതുപോലെ ഗുഡ് ലെങ്ത്തില്‍ പിച്ച് ചെയ്ത് പുറത്തേക്ക് പോയ ഹര്‍ഷിതിന്‍റെ പന്തില്‍ ബാറ്റുവെച്ച മിച്ചല്‍ ഓവനെ രോഹിത് സ്ലിപ്പില്‍ അനായാസം കൈയിലൊതുക്കി.

View post on Instagram

മിച്ചല്‍ ഓവന്‍റെ വിക്കറ്റ് വീണതോടെ 280 കടക്കുമെന്ന് തോന്നിച്ച ഓസീസ് 250 പോലും കടക്കാതെ ഓള്‍ ഔട്ടായി. മിച്ചല്‍ ഓവന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാംപയും കൂടി മടങ്ങിയതോടെ 201-7ലേക്ക് വീണ ഓസീസിനെ നഥാന്‍ എല്ലിസിന്‍റെയും(16), കൂപ്പര്‍ കൊണോലിയുടെയും(23) ചെറുത്തുനില്‍പ്പാണ് 236ല്‍ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക