പേസര്‍മാരെ ഫലപ്രദമായി നേരിട്ട ജോണ്‍ കാംപ്ബെല്ലും ടാഗെനരെയ്ന്‍ ചന്ദര്‍പോളും പിടിച്ചുനിന്നപ്പോഴാണ് ഗില്‍ ജഡേജയെ പന്തെറിയാനായി വിളിച്ചത്.
ദില്ലി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത് ഷോര്‍ട്ട് ലെഗ്ഗില്‍ സായ് സുദര്‍ശനെടുത്ത അവിശ്വസനീയ ക്യാച്ചില്‍. രണ്ടാം ദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റൺസെടുത്ത് ഡിക്ലയര്‍ ചെയ്തതിന് പിന്നാലെയാണ് രണ്ടാം സെഷനില്‍ വിന്‍ഡീസ് ബാറ്റിംഗിനിറങ്ങിയത്. ഓപ്പണിംഗ് സ്പെല്ലില്‍ ന്യൂബോളില്‍ ഇന്ത്യൻ പേസര്‍മാരായ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് സിറാജിനും യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കഴിയാതിരുന്നതോടെ ഏഴോവര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ രവീന്ദ്ര ജഡേജയെ പന്തെറിയാന്‍ വിളിച്ചു.
പേസര്‍മാരെ ഫലപ്രദമായി നേരിട്ട ജോണ്‍ കാംപ്ബെല്ലും ടാഗെനരെയ്ന്‍ ചന്ദര്‍പോളും പിടിച്ചുനിന്നപ്പോഴാണ് ഗില്‍ ജഡേജയെ പന്തെറിയാനായി വിളിച്ചത്. ജഡേജയുടെ രണ്ടാം പന്തില്‍ തന്നെ സ്വീപ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച കാംപ്‌ബെല്ലിന് പക്ഷെ പിഴച്ചു. കാംപ്‌ബെല്ലിന്‍റെ ശക്തമായ ഷോട്ട് കൊണ്ടത് ഷോർട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നെഞ്ചിലായിരുന്നു. നെഞ്ചിനുനേരെ വന്ന അടി കൈ കൊണ്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ സായ് സുദര്‍ശന്‍ പന്ത് നിലത്തുവീഴാതെ കൈയിലൊതുക്കുകയും ചെയ്തു. സായ് സുദര്‍ശൻ ആ ക്യാച്ചെടുത്തതുകണ്ട് കാംപ്‌ബെല്‍ അവിശ്വസനീയതയോടെ ക്രീസില്‍ നിന്നപ്പോള്‍ ഡഗ് ഔട്ടിലിരുന്ന കോച്ച് ഗൗതം ഗംഭീറിന്‍റെ മുഖത്തും അപൂര്‍വമായി മാത്രം കാണാറുള്ള ചിരി വിരിഞ്ഞു.
ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കലിനും ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിനും സുദര്‍ശന്‍ ആ പന്ത് കൈയിലൊതുക്കിയത് കണ്ട് ചിരിയടക്കാനയില്ല. ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സുദര്‍ശന്‍റെ കൈവിരലിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയാകുകയും ചെയ്തു. സുദര്‍ശന്‍റെ കൈവിരലിലെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. ഫിസിയോ എത്തി സുദര്‍ശന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദന കുറയാത്തതിനെ തുടര്‍ന്ന് ദേവ്ദത്ത് പടിക്കലാണ് പകരം ഫീല്‍ഡിംഗിനായി ഇറങ്ങിയത്.


