ക്രിക്കറ്റിൽ വിജയിക്കാൻ തന്‍റേടവും ആത്മവിശ്വാസവും അനിവാര്യമാണെന്ന് സഞ്ജു വി സാംസൺ. ഗ്രൗണ്ടിന് പുറത്ത് വിനയം കാത്തുസൂക്ഷിക്കണമെന്നും കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിൽ അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ക്രിക്കറ്റിൽ വളർന്നുവരാൻ തന്‍റേടവും ആത്മവിശ്വാസവും വേണമെന്ന് ഇന്ത്യൻ താരം സഞ്ജു വി സാംസൺ. ചിലർ അതിനെ അഹങ്കാരമായി കാണുമെങ്കിലും ഗ്രൗണ്ടിന് പുറത്ത് വിനയപൂർവം പെരുമാറിയാൽ മതിയെന്ന് കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ ടീം ലോഞ്ചില്‍ പങ്കെടുത്ത് സഞ്ജു പറഞ്ഞു. ഒരു ക്രിക്കറ്ററായി ഇന്ത്യൻ ടീമിലും കേരള ടീമിലും ഐപിഎല്‍ ടീമിലുമെല്ലാം കളിക്കണമെങ്കില്‍ ആദ്യം വേണ്ടത് തന്‍റേടവും ആത്മവിശ്വാസവുമാണ്. നമ്മുടെ കൂടെയുള്ള നാട്ടുകാരില്‍ ചിലര്‍ തന്നെ പലതും പറയും. അവന് അഹങ്കാരമായിപ്പോയി, സഞ്ജു പണ്ടത്തെപ്പോലെയല്ല, ഇപ്പോ കുറച്ച് അഹങ്കാരം കൂടിപ്പോയി എന്നൊക്കെ പലരും പറയും. പക്ഷെ ആ അഹങ്കാരം നിങ്ങളെ ഒരിക്കല്‍ ഇതുപോലൊരു വേദിയിലെത്തിക്കും.

അതിനുള്ള ആത്മവിശ്വാസം വേണം. ആ ആത്മവിശ്വാസമില്ലാതെ ഗ്രൗണ്ടിലിറക്കാന്‍ പാടില്ല. നമ്മുടെ ആത്മവിശ്വാസം ഗ്രൗണ്ടില്‍ അഹങ്കാരമായാലും കുഴപ്പമില്ല. പക്ഷെ ഗ്രൗണ്ടിന് പുറത്ത് വിനയമുള്ളയാളായിരുന്നാല്‍ മതിയെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗിഗിന്‍റെ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ താരമായാണ് സഞ്ജു ഗ്രൗണ്ടിലിറങ്ങുക. സഞ്ജുവിന്‍റെ സഹോദരന്‍ സാലി വി സാംസണാണ് ടീമിനെ നയിക്കുന്നത്. കെസിഎല്‍ ആദ്യ സീസണില്‍ കളിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ കെസിഎല്‍ താരലേലത്തില്‍ ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്.

മുന്‍ കേരള താരം റൈഫി വിൻസെന്‍റ് ​ഗോമസാണ് കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന്‍റെ ഹെഡ് കോച്ച്. പോണ്ടിച്ചേരി ടീമിന്‍റെ രഞ്ജി കോച്ചായും ടീം സെലക്ടറായും പ്രവർത്തിച്ചിട്ടുള്ള റൈഫി, രാജസ്ഥാൻ റോയൽസിന്‍റെ ഹൈ പെ‍ർഫോമൻസ് കോച്ചുമായിരുന്നു. ഇന്നലെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ ഔദ്യോഗിക ലോഞ്ച് നടന്നത്. പൊതുജനങ്ങൾ നിർദ്ദേശിച്ച പേരുകളിൽ നിന്ന് ഭാഗ്യചിഹ്നങ്ങളുടെ പേര് പ്രഖ്യാപനമായിരുന്നു ചടങ്ങിന്‍റെ മുഖ്യ ആകർഷണം.പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നൂറുകണക്കിന് പേരുകളിൽ നിന്നാണ് അന്തിമമായി പേരുകൾ തിരഞ്ഞെടുത്തത്. ബാറ്റേന്തിയ കൊമ്പൻ ഇനി 'വീരു' എന്നും, മലമുഴക്കി വേഴാമ്പൽ ' ചാരു' എന്നും, അറിയപ്പെടും. പ്രൗഢ ഗംഭീര ചടങ്ങിൽ കാണികളുടെയും തേർഡ് അമ്പയറിൻെറെയും പ്രതീകമായ ചാക്യാരാണ് പേര് പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക