വിഹാന്‍ മല്‍ഹോത്രയുടെ പന്തില്‍ സമീയുന്‍ ബാസിര്‍ റാതുലിനെ വൈഭവ് ലോംഗ് ഓണില്‍ പറന്നു പിടിക്കുകയായിരുന്നു.
ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ ഡക്‌വര്‍ത്ത് ലൂയിസ് നിമയപ്രകാരം ബംഗ്ലാദേശിനെ 18 റണ്‍സിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം നേടിയപ്പോള്‍ 72 റണ്‍സുമായി ഇന്ത്യൻ ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിച്ചത് പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയായിരുന്നു. തുടക്കത്തിലെ ക്യാപ്റ്റൻ ആയുഷ് മാത്രയെയും വേദാന്ത് ത്രിവേദിയെയും വിഹാൻ മല്‍ഹോത്രയെയും നഷ്ടമായി 53-3ലേക്ക് വീണ ഇന്ത്യയെ അഭിഗ്യാൻ കുണ്ടുവിനൊപ്പം വൈഭവ് ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമായിരുന്നു 100 കടത്തിയത്.
അടിച്ചു തകര്‍ക്കാന്‍ മാത്രമല്ല, സാഹചര്യത്തിന് അനുസരിച്ച് പക്വതയോടെ ബാറ്റ് ചെയ്യാനും തനിക്ക് അറിയാമെന്ന് തെളിയിച്ച വൈഭവ് 67 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും പറത്തി 72 റണ്‍സെടുത്ത് പുറത്തായശേഷം 112 പന്തില്‍ 80 റണ്‍സെടുത്ത അഭിഗ്യാൻ കുണ്ടുവും 28 റണ്‍സെടുത്ത കനിഷ്ക് ചൗഹാനും ചേര്‍ന്നാണ് ഇന്ത്യയെ 238 റണ്‍സെന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഇടക്ക് പെയ്ത മഴമൂലം ബംഗ്ലാദേശ് വിജയലക്ഷ്യം 29 ഓവറില്‍ 165 റണ്‍സായി പുനര്‍നിര്‍ണയിച്ചിരുന്നു. 22-ാം ഓവറില്‍ 106-2 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് പിന്നീട് തകര്‍ന്നടിഞ്ഞു.
51 റണ്‍സെടുത്ത ക്യാപ്റ്റൻ അസീസുൾ ഹക്കീമും 37 റണ്‍സെടുത്ത റിഫാത്ത് ബേഗും മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ബാറ്റിംഗില്‍ മിന്നിയ വൈഭവ് ഫീല്‍ഡിംഗിലും തന്‍റെ വൈഭവം പുറത്തെടുക്കുന്നതാണ് പിന്നീട് കണ്ടത്. വിഹാന്‍ മല്‍ഹോത്രയുടെ പന്തില്‍ സമീയുന്‍ ബാസിര്‍ റാതുലിനെ വൈഭവ് ലോംഗ് ഓണില്‍ പറന്നു പിടിക്കുകയായിരുന്നു. ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായി ബൗണ്ടറിക്ക് പുറത്തേക്ക് പോയെങ്കിലും അതിന് മുമ്പ് പന്ത് ആകാശത്തേക്ക് ഉയര്‍ത്തിയിട്ട് തിരികെ വന്നാണ് വൈഭവ് ക്യാച്ച് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ നാലു വിക്കറ്റെടുത്ത വിഹാന്‍ മല്‍ഹോത്രയുടെ മികവില്‍ ഇന്ത്യ 18 റണ്‍സിന്‍റെ ജയം സ്വന്തമാക്കി.


