ഇന്നേവരെ സ്വന്തം കാണികൾക്ക് മുന്നിൽ കിവീസിനെതിരെ ഏകദിന പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ഇന്ത്യ.

ഇന്‍ഡോര്‍: ഇന്ത്യ-ന്യൂസിലൻഡ് നിർണായക മൂന്നാം ഏകദിനം ഇന്ന്. ഇൻഡോറിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ടി20 ലോകകപ്പിന് മുൻപുള്ള അവസാന ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും ന്യൂസിലൻഡും ഇൻഡോറിൽ നേർക്കുനേർ ഇറങ്ങുമ്പോള്‍ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് ന്യൂസിലൻ‍ഡിന് മുന്നിലുള്ളത്. 2024ല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി കിവീസ് ചരിത്രം തിരുത്തിയിരുന്നു.

ഇന്നേവരെ സ്വന്തം കാണികൾക്ക് മുന്നിൽ കിവീസിനെതിരെ ഏകദിന പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതുവരെ കളിച്ച പതിനാറ് ഏകദിന പരമ്പരയിലും ജയം ഇന്ത്യക്കൊപ്പം. വഡോദരയിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചപ്പോൾ, രാജ്കോട്ടിൽ ഏഴ് വിക്കറ്റ് ജയത്തോടെ ന്യൂസിലൻഡിന്‍റെ മറുപടി.

ഇൻഡോറിൽ പരമ്പര പിടിക്കാൻ ഇറങ്ങുമ്പോൾ ആയുഷ് ബദോണിക്ക് ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കിട്ടിയേക്കും. പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരം രണ്ടാം മത്സരത്തിൽ കളിച്ച നീതീഷ് കുമാർ റെഡ്ഡിക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിരുന്നില്ല. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല.

ഗില്ലിനൊപ്പം രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർകൂടി ചേരുമ്പോൾ ബാറ്റിംഗ് നിര ശക്തം. ബൗളിംഗ് നിരയിൽ പരീക്ഷണത്തിന് സാധ്യതയില്ല. പോയവർഷം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ്. ഉഗ്രൻ ഫോമിലുളള ഡാരിൽ മിച്ചലിന്‍റെ ബാറ്റിലേക്കാണ് കിവീസ് ഉറ്റുനോക്കുന്നത്.

ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ പ്രകടനവും നിർണായകവും. കെയ്ൽ ജെയ്മിസൺ നയിക്കുന്ന ബൗളിംഗ് നിര ഇന്ത്യൻ ബാറ്റർമാരെ നിയന്ത്രിക്കതിനെ ആശ്രയിച്ചാവും മത്സരത്തിന്‍റെ ഗതി. ബാറ്റർമാരെ കൈയയച്ച് സഹായിക്കുന്നതാണ് ഇൻഡോറിലെ വിക്കറ്റ്. ഇന്നും റൺമഴയാണ് ഇന്‍ഡോറില്‍ പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക