ഏഷ്യാ കപ്പിനിടെ ഉണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ താരങ്ങളുടെ ഹസ്തദാന വിവാദത്തെ ഓര്‍മിപ്പിച്ചാണ് ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ കൂടിയായ സവാദ് അബ്രാര്‍ ടോസിട്ട ശേഷം ആയുഷ് മാത്രെക്ക് കൈ കൊടുക്കാൻ വിസമ്മതിച്ച് കയറിപ്പോയത്.

ബുലവായോ: അണ്ട‍ർ 19 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെക്ക് ബംഗ്ലാദേശിന്‍റെ താല്‍ക്കാലിക ക്യാപ്റ്റനായ സവാദ് അബ്രാര്‍ കൈ കൊടുക്കാതിരുന്നത് വെറുമൊരു കൈയബദ്ധം മാത്രമെന്ന് വിശദീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മത്സരശേഷം ഇരു ടീമുകളിലെയും താരങ്ങൾ തമ്മില്‍ പതിവ് രീതിയിലുള്ള ഹസ്തദാനത്തിന് തയാറാവുകയും ചെയ്തു.

ഏഷ്യാ കപ്പിനിടെ ഉണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ താരങ്ങളുടെ ഹസ്തദാന വിവാദത്തെ ഓര്‍മിപ്പിച്ചാണ് ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ കൂടിയായ സവാദ് അബ്രാര്‍ ടോസിട്ട ശേഷം ആയുഷ് മാത്രെക്ക് കൈ കൊടുക്കാൻ വിസമ്മതിച്ച് കയറിപ്പോയത്. എന്നാല്‍ ഇത് ബോധപൂര്‍വം ആയിരുന്നില്ലെന്നും ക്യാപ്റ്റനായ അസീസുള്‍ ഹക്കീമിന് സുഖമില്ലാതിരുന്നതിനാല്‍ വൈസ് ക്യാപ്റ്റനായ സവാദ് അബ്രാറിനെ ടോസിനായി അയക്കുകയായിരുന്നുവെന്നും ബംഗ്ലാദശേ് ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി. ടോസിട്ടശേഷം അബ്രാര്‍ കൈ കൊടുക്കാതിരുന്നത് ബോധപൂര്‍വമല്ല, അശ്രദ്ധമൂലം സംഭവിച്ചതാണ്. എതിര്‍ ടീമിനെ അപമാനിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്നും ബംഗ്ലാദേശ് വ്യക്തമാക്കി. വൈസ് ക്യാപ്റ്റന്‍റെ ശ്രദ്ധക്കുറവിനെ ബോര്‍ഡ് ഗൗരവമായാണ് കാണുന്നതെന്നും ക്രിക്കറ്റിന്‍റെ മാന്യതക്കും അടിസ്ഥാന തത്വങ്ങള്‍ക്കും നിരക്കുന്ന രീതിയിലായിരിക്കണം കളിക്കാരുടെ പെരുമാറ്റമെന്ന് ടീം മാനേജ്മെന്‍റിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

Scroll to load tweet…

ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. പ്രതികാര നടപടിയെന്നോണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. പിന്നാലെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിക്കുകയും ഐസിസി ഇത് തള്ളിയെങ്കിലും ഇപ്പോഴും ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബംഗ്ലാദേശ്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെിരായ മത്സരങ്ങളില്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ ഇന്ത്യ തയാറാവാഞ്ഞത് വലിയ വിവാദമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക