തമിഴ്‌നാട് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ വനിതാ അംപയറുമായി തര്‍ക്കിച്ചതിന് ശേഷം ആര്‍ അശ്വിന്‍ വാര്‍ത്തകളില്‍. ഔട്ട് വിളിച്ചതിനെ തുടര്‍ന്നാണ് അശ്വിന്‍ അംപയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ വനിതാ അംപയറോടു തര്‍ക്കിച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. 38കാരനായ അശ്വിന്‍ ലീഗില്‍ ഡിന്‍ഡിഗല്‍ ഡ്രാഗണ്‍സിന് വേണ്ടിയാണ് കളിക്കുന്നത്. അംപയര്‍ ഔട്ട് വിളിച്ചതാണ് അശ്വിനെ ചൊടിപ്പിച്ചത്.
ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സ് ടീമിനെതിരായ മത്സരത്തിലെ അഞ്ചാം ഓവറിലാണ് സംഭവം. തിരുപ്പൂര്‍ ക്യാപ്റ്റന്‍ ആര്‍ സായ് കിഷോറിന്റെ അഞ്ചാം പന്തിലാണ് അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്. തിരുപ്പൂര്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് അനുവദിച്ചു.
എന്നാല്‍ അമ്പയറിന്റെ ഈ തീരുമാനത്തിനെതിരെ അശ്വിന്‍ രംഗത്ത് വരികയായിരുന്നു. ലെഗ് സ്റ്റമ്പിന് പുറത്താണ് പന്ത് പിച്ച് ചെയ്തതെന്ന് അശ്വിന്‍ വാദിച്ചെങ്കിലും അമ്പയര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അംപയറോട് അശ്വിന്‍ തര്‍ക്കിച്ചു നോക്കിയെങ്കിലും താരത്തെ ഗൗനിക്കാതെ നടന്നു നീങ്ങുകയാണ് അംപയര്‍ ചെയ്തത്. ഇതോടെ നിരാശനായി തന്റെ പാഡില്‍ ബാറ്റ് കൊണ്ട് അടിച്ചാണ് അശ്വിന്‍ പവലിയനിലേക്ക് മടങ്ങിയത്. 18 റണ്‍സാണ് മത്സരത്തില്‍ അശ്വിന്‍ നേടിയത്.
അശ്വിന്റെ പുറത്താകലിന് പിന്നാലെ ഡിണ്ടിഗല്‍സിന്റെ ഇന്നിങ്ങ്സ് 93 റണ്‍സില്‍ ഒതുങ്ങുകയും ചെയ്തു. തിരുപ്പൂര്‍ ടീം 11.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നു അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി ഒന്‍പത് മത്സരങ്ങളില്‍ നിന്ന് വെറും ഏഴ് വിക്കറ്റും 33 റണ്‍സും മാത്രമാണ് നേടിയത്.



