പൂജാരയ്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടിനായി കോലി ശ്രമിച്ചെങ്കിലും കുനെമാനിന്‍റെ പന്തില്‍ കുടുങ്ങി

ഇന്‍ഡോർ: ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ തകർന്നടിയുകയായിരുന്നു ടീം ഇന്ത്യ. 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യ 60.3 ഓവറില്‍ 163 റണ്‍സില്‍ പുറത്താവുകയായിരുന്നു. നേഥന്‍ ലിയോണിന്‍റെ എട്ട് വിക്കറ്റാണ് ഇന്ത്യക്ക് തകർച്ചയൊരുക്കിയത്. ഇതിനിടെ വിരാട് കോലിയെ മടക്കിയത് മറ്റൊരു സ്‍പിന്നറായ മാത്യു കുനെമായിരുന്നു. എന്നാല്‍ എല്‍ബിയില്‍ കുടുങ്ങിയ കോലി ഡിആർഎസ് എടുക്കുക പോലും ചെയ്യാതെ ഉടനടി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. നോണ്‍സ്ട്രൈക്കർ ചേതേശ്വർ പൂജാരയുടെ അഭിപ്രായം തേടാന്‍ കോലി മുതിർന്നില്ല. പോകുംവഴി പുറത്തായതിന്‍റെ കലിപ്പ് തീർക്കുന്നതും ടെലിവിഷന്‍ സ്ക്രീനില്‍ കണ്ടു. 

ഒന്നാം ഇന്നിംഗ്സില്‍ 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണർമാരെ നഷ്ടമാവുകയായിരുന്നു. ഇതിന് ശേഷം പൂജാരയ്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടിനായി കോലി ശ്രമിച്ചെങ്കിലും കുനെമാനിന്‍റെ പന്തില്‍ കുടുങ്ങി. രണ്ട് ബൗണ്ടറികള്‍ ഇതിനകം നേടിയിരുന്ന കോലി എല്‍ബിയില്‍ പുറത്താവുകയായിരുന്നു. 

Scroll to load tweet…

ഇന്‍ഡോറിലെ രണ്ടാം ഇന്നിംഗ്സില്‍ 23.3 ഓവറില്‍ 64 റണ്‍സിന് എട്ട് വിക്കറ്റുമായി സ്‍പിന്നർ നേഥന്‍ ലിയോണ്‍ വട്ടംകറക്കിയപ്പോള്‍ ഇന്ത്യ 163 റണ്‍‍സില്‍ പുറത്താവുകയായിരുന്നു. 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യക്ക് വെറും 75 റണ്‍സ് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ ലീഡ്. രണ്ടാംമതില്‍ ചേതേശ്വർ പൂജാര നടത്തിയ പ്രതിരോധം മാത്രം ടീം ഇന്ത്യക്ക് രണ്ടാംദിനം പ്രതീക്ഷയായപ്പോള്‍ ശ്രേയസ് അയ്യരുടെ 26 ആണ് രണ്ടാമത്തെ ഉയർന്ന സ്കോർ. പൂജാര 142 പന്തില്‍ 59 റണ്‍സെടുത്തു.

രോഹിത് ശർമ്മ 12നും വിരാട് കോലി 13നും രവീന്ദ്ര ജഡേജ ഏഴിനും ശ്രീകർ ഭരത് മൂന്നിനും രവിചന്ദ്രന്‍ അശ്വിന്‍ 16നും ഉമേഷ് യാദവും മുഹമ്മദ് സിറാജും അക്കൗണ്ട് തുറക്കാതെയും പുറത്തായി. അക്സർ പട്ടേല്‍ 39 പന്തില്‍ 15* റണ്‍സുമായി പുറത്താവാതെ നിന്നു. നേഥന്‍ ലിയോണിന്‍റെ എട്ടിന് പുറമെ മാത്യു കുനെമാനും മിച്ചല്‍ സ്റ്റാർക്കും ഓരോ വിക്കറ്റ് നേടി. 

ലിയോണിന് എട്ട് വിക്കറ്റ്! പൂജാര മാത്രം പൊരുതി, ഓസീസിന് 76 റണ്‍സ് വിജയലക്ഷ്യം