ഏകദിനത്തിലും ടി20യിലും നായകനായിരുന്ന നിക്കോളാസ് പുരാന്‍ കഴി‌ഞ്ഞ ടി20 ലോകകപ്പില്‍ വിന്‍ഡീസ് ആദ്യ റൗണ്ടില്‍ പുറത്തായതോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന് ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഇനി വ്യത്യസ്ത നായകന്‍മാര്‍. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച നിക്കോളാസ് പുരാന് പകരം റോവ്മാന്‍ പവലിനെ വെസ്റ്റ് ഇന്‍ഡീസിന്‍റെ പുതിയ ടി20 നായകനായി തെരഞ്ഞെടുത്തു. ഷായ് ഹോപ്പാണ് ഏകദിന ടീമിന്‍റെ നായകന്‍. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ ടെസ്റ്റ് ടീം നായകനായി നിലനിര്‍ത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏകദിനത്തിലും ടി20യിലും നായകനായിരുന്ന നിക്കോളാസ് പുരാന്‍ കഴി‌ഞ്ഞ ടി20 ലോകകപ്പില്‍ വിന്‍ഡീസ് ആദ്യ റൗണ്ടില്‍ പുറത്തായതോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ഏകദിനങ്ങളില്‍ സമീപകാലത്ത് വെസ്റ്റ് ഇന്‍ഡീസിന്‍റെ ഏറ്റവും മികച്ച ബാറ്ററാണ് ഷായ് ഹോപ്പ്. വിന്‍ഡീസ് കുപ്പായത്തില്‍ 104 മത്സരങ്ങളില്‍ 4308 റണ്‍സ് ഹോപ്പ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനാവത്ത വിന്‍ഡീസ് സൂപ്പര്‍ ലീഗ് പോയന്‍റ് ടേബിളില്‍ ഏഴാം സ്ഥാനത്തുള്ള അഫ്ഗാനും പുറകിലാണ്.

ശ്രേയസ് വരുമ്പോള്‍ സൂര്യയും ഗില്ലിനെ കളിപ്പിച്ചാല്‍ രാഹുലും പുറത്ത്; സെലക്ഷന്‍ തലവേദനയില്‍ രോഹിത്തും ദ്രാവിഡും

ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനായില്ലെങ്കില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ സിംബാബ്‌വെയുമായി യോഗ്യതാ മത്സരം കളിക്കേണ്ടതുണ്ട്. അതേസമയം, അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന്‍റെ ആതിഥേയരായതിനാല്‍ വിന്‍ഡീസ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെ നയിക്കാന്‍ ലഭിക്കുന്ന അവസരം അഭിമാനമായി കരുതുന്നുവെന്ന് ഷായ് ഹോപ്പ് പ്രതികരിച്ചു. ടീമിനെ മുന്നില്‍ നിന്ന് നയിക്കുമെന്നും ടീമിനായി 100 ശതമാനവും സമര്‍പ്പിക്കുമെന്നും റൊവ്‌മാന്‍ പവല്‍ പ്രതികരിച്ചു.

ഈ മാസം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളിലാണ് വെസ്റ്റ് ഇന്‍ഡീസ് ഇനി കളിക്കുക. ഈ മാസം 28 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ്.മാര്‍ച്ച് 16 മുതല്‍ ഏകദിന പരമ്പരയും 25 മുതല്‍ ടി20 പരമ്പരയിലും വിന്‍ഡീസ് കളിക്കും.