തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ വിരാട് കോലിയുടെ വിരമിക്കല്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്.
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കൈവിട്ടതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. വിരാട് കോലി തുടര്‍ച്ചയായി പൂജ്യത്തിന് മടങ്ങിയതാണ് ആരാധകരെ ഏറെ വേദനിപ്പിച്ചത്. ഡ്രസിംഗ് റൂമിലേക്കുള്ള കോലിയുടെ വൈകാരിക മടങ്ങിപ്പോക്ക് വിടവാങ്ങല്‍ ഊഹാപോഹങ്ങള്‍ക്കും വഴിവച്ചു. ഒന്നരപതിറ്റാണ്ടിലേറേ നീണ്ട ഐതിഹാസിക കരിയറില്‍ ഇതാദ്യത്തെ സംഭവം. തുടര്‍ച്ചയായ രണ്ട് ഏകദിന മത്സരത്തില്‍ കിംഗ് കോലി സംപൂജ്യനായി.
പെര്‍ത്തില്‍ എട്ടു പന്തു നേരിട്ട കോലി, അഡലെയ്ഡില്‍ നാലാം പന്തില്‍ മുട്ടുമടക്കി. തലകുനിച്ചു നടന്ന കോലിയെ ഹര്‍ഷാരവത്തോടെ യാത്രയാക്കി കാണികള്‍. പിന്നാലെ കയ്യിലെ ഗ്ലൗസ് ഉയര്‍ത്തി കാണിച്ച് താരം. ഡ്രസിംഗ് റൂമിലേക്കുള്ള കോലിയുടെ ഈ വൈകാരിക വിടവാങ്ങല്‍ ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ചയായി. കോലി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഒരുപക്ഷേ തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടിലെ അവസാന മത്സരമായതിനാലാകാം കോലി ഇതു ചെയ്തതെന്ന് ചിലര്‍.
അഡ്ലെയ്ഡില്‍ ഇതിനു മുന്‍പു കളിച്ച രണ്ട് ഏകദിനങ്ങളിലും കോലിക്ക് സെഞ്ചറിയുണ്ട്. ഓസ്‌ട്രേലിയക്കെതിരെ നിറംമങ്ങിയതോടെ ഇന്ത്യന്‍ ടീമില്‍ കോലിയുടെ സ്ഥാനം ചോദ്യചിഹ്നത്തിലാണ്. നാളെ സിഡ്‌നിയില്‍ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ കോലി അപ്രതീക്ഷിത തീരുമാനങ്ങളെടുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മുന്നിലെന്ത്?
ഒരു പരമ്പരകൊണ്ട് അവസാനിക്കുന്നതായിരിക്കില്ല കോലിയുടെ കരിയര്‍. അങ്ങനെ അവസാനിപ്പിക്കാനാണെങ്കില്‍ അതൊരു നീതികേടായിരിക്കും. കാരണം ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍ അര്‍ഹിക്കുന്ന ചിലതുണ്ട്. തിരിച്ചുവരാനുള്ള അവസരം. അവസാനം കളിച്ച ഏകദിന ടൂര്‍ണമെന്റ് ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു. ടൂര്‍ണമെന്റിലുടനീളം സ്ഥിരത പുലര്‍ത്തിയ ബാറ്ററായിരുന്നു കോലി. അഞ്ച് കളികളില്‍ 54 ശരാശരിയില്‍ 218 റണ്‍സ് നേടി. മൂന്നാം ഏകദിനം സിഡ്‌നിയിലാണ്.
സിഡ്‌നിയില്‍ കോലിക്ക് മികച്ച റെക്കോര്‍ഡുള്ള മൈതാനമല്ല. ഏഴ് ഏകദിനങ്ങളില്‍ നിന്ന് 146 റണ്‍സ് മാത്രം. എന്നാല്‍ അവസാനം സിഡ്‌നിയിലിറങ്ങിയപ്പോള്‍ 89 റണ്‍സ് നേടാന്‍ വലം കയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് എളുപ്പം കീഴടങ്ങില്ല കോലി. ഓസീസ് മണ്ണില്‍ നിന്ന് വെറും കയ്യോടെ മടങ്ങാനും തയാറായേക്കില്ല.

