ഇന്ത്യക്ക് ഇനി ഈ വര്‍ഷം ടെസ്റ്റ് പരമ്പകളൊന്നുമില്ല. അടുത്ത ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നില്‍ 10 മാസത്തെ ഇടവേളയുണ്ട്.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഇതുവരെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച ടീം ഇന്ത്യയാണ്. ഒമ്പത് ടെസ്റ്റുകളാണ് ഇന്ത്യ 2025-207 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ചത്. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിച്ചാണ് ഇന്ത്യ തുടങ്ങിയത്. അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമുകളും രണ്ട് വീതം ടെസ്റ്റുകള്‍ ജയിച്ചപ്പോള്‍ ഒരു ടെസ്റ്റ് സമനിലയായി. അതിനുശേഷം ഒക്ടോബറില്‍ നാട്ടില്‍ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിച്ചത്. ഈ രണ്ട് ടെസ്റ്റു ജയിച്ച് ഇന്ത്യ നാലു ജയം സ്വന്തമാക്കി. അതിനുശേഷമായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര.

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര എപ്പോള്‍

ഇന്ത്യക്ക് ഇനി ഈ വര്‍ഷം ടെസ്റ്റ് പരമ്പകളൊന്നുമില്ല. അടുത്ത ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നില്‍ 10 മാസത്തെ ഇടവേളയുണ്ട്. അടുത്തവര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയിലാണ് ഇന്ത്യ അടുത്ത ടെസ്റ്റ് പരമ്പര കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണുണ്ടാകുക. അതിനുശേഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യ ന്യൂിസലന്‍ഡിലും രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കും. 2027 ജനുവരി-ഫെബ്രുവരിയില്‍ ഓസ്ട്രേലിയ ഇന്ത്യയിലേക്ക് അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കാനെത്തുന്നത് ആയിരിക്കും ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ അവസാന പരമ്പര. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഇതവുരെ 9 ടെസ്റ്റ് കളിച്ച ഇന്ത്യ ഇനി 9 ടെസ്റ്റുകളില്‍ കൂടിയാണ് കളിക്കുക.

ഇതുവരെ ഒമ്പത് മത്സരം കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്‍റും 48.15 പോയന്‍റ് ശതമാനവുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഫൈനല്‍ സ്വപ്നം കാണണമെങ്കില്‍ ഇന്ത്യക്ക് അടുത്ത 9 ടെസ്റ്റില്‍ കൂടുതല്‍ വിജയങ്ങള്‍ അനിവാര്യമാണ്. ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയതോടെ നാലു ടെസ്റ്റില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്‍റും 75 പോയന്‍റ് ശതമാനവുമായി നിലവിലെ ചാമ്പ്യൻമാര്‍ കൂടിയായി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ രണ്ടാം സഥാനത്തേക്ക് ഉയര്‍ന്നിരുന്നു.കളിച്ച നാലു ടെസ്റ്റിലും ജയിച്ച് 48 പോയന്‍റും 100 പോയന്‍റ് ശതമാവുമുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്ക മൂന്നാമതും പാകിസ്ഥാന്‍ നാലാമതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക