ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടാൻ സാധ്യത കൽപ്പിക്കുന്നത് വിരാട് കോലിക്കാണ്. 2012-ലെ തകർപ്പൻ പ്രകടനം മുതൽ ഓസീസിനെതിരെയുള്ള മികച്ച റെക്കോർഡുകളും കണക്കുകളും കോലിയുടെ ആധിപത്യം ഉറപ്പിക്കുന്നു.
മെല്‍ബണ്‍: ഓസീസ് പരമ്പരയില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടുന്നതാരാകും? വിരാട് കോലിയെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ആരാധകര്‍. നരച്ച താടിയും മുടിയുമായി മാസങ്ങള്‍ക്ക് മുമ്പ് കണ്ട കോലിയെ അല്ല, പരമ്പരയ്ക്കായി ഓസ്‌ട്രേലിയിലെത്തിയ കോലി. ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം വിദേശത്ത് കോലിയുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയ ആരാധകര്‍ ഇപ്പോള്‍ വീണ്ടും ഞെട്ടത്തരിച്ചിരിക്കുന്നു. നര കയറിയ താടിയും മുടിയുമുള്ള സാധാരണക്കാരനില്‍ നിന്ന് സ്‌റ്റൈലിഷ്, പവര്‍ഫുള്‍ കോലി.
റണ്‍സിനോട് ആര്‍ത്തിയുള്ള വിജയങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യുന്ന കോലി. വര്‍ഷം 2012, കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര സീരിസില്‍ ഇന്ത്യ, ശ്രീലങ്ക നിര്‍ണായക മത്സരം. പരമ്പരയില്‍ മുന്നേറണമെങ്കില്‍ ഇന്ത്യയ്ക്ക് 40 ഓവറില്‍ 321 റണ്‍സ് നേടണം. ഏറെക്കുറെ അസാധ്യമെന്ന് തോന്നിച്ച ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിച്ചത് വിരാട് കോലി ഒറ്റയ്ക്ക്. 86 പന്തില്‍ നിന്ന് കോലി നേടി 133 റണ്‍സ്. അതൊരു തുടക്കമായിരുന്നു. വിരാടില്‍ നിന്ന് കിങ് കോലിയിലേക്കുള്ള മാറ്റത്തിന്റെ തുടക്കം.
വര്‍ഷങ്ങള്‍ക്കിപ്പുറം ഓസ്‌ട്രേലിയയില്‍ വീണ്ടുമെത്തുമ്പോള്‍ റെക്കോര്‍ഡുകളുടേയും കിരീടങ്ങളുടേയും തോഴനാണ് കോലി. ഒരു ഏകദിന ലോകകപ്പ്, ഒരു ട്വന്റി 20 ലോകകപ്പ്, രണ്ട് ചാംപ്യന്‍സ് ട്രോഫി, ഐപിഎല്‍ കിരീടം എന്നിങ്ങനെ കിരീടക്കണക്കില്‍ കോലി വന്‍ റിച്ച്. ഓസ്‌ട്രേലിയക്ക് എതിരെ 50 മത്സരങ്ങളില്‍ നിന്ന് 2,451 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. 8 സെഞ്ച്വറി, 15 അര്‍ധ സെഞ്ച്വറി. ചാംപ്യന്‍സ് ട്രോഫിയിലാണ് കോലി ഒടുവില്‍ ഇന്ത്യന്‍ ജഴ്‌സിയിലിറങ്ങിയത്.
5 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 218 റണ്‍സാണ് കോലി നേടിയത്. നീണ്ട 7 മാസങ്ങള്‍ക്ക് ശേഷം കോലി ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ മറ്റൊരു ക്ലാസിക് പ്രകടനത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.



