ഇൻസ്റ്റഗ്രാമില്‍ ഓപ്പറേഷൻ ക്ലീൻ! പരസ്യങ്ങള്‍ നീക്കിയതിന് പിന്നിലെ കാരണം പറഞ്ഞ് കോലി

നിലവില്‍ പരസ്യങ്ങളൊന്നുമില്ലാതെ കുടുംബത്തോടുള്ള നിമിഷങ്ങളും വ്യായാമചിത്രങ്ങളും കളികളില്‍ നിന്നുള്ള ചിത്രങ്ങളും മാത്രമാണ് അക്കൗണ്ടിലുള്ളത്

Why Virat Kohli removed all the promotional posts from Insta

ലോകത്തില്‍ തന്നെ ഏറ്റവുമധികം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം പേജുകളിലൊന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടേത്, പ്രത്യേകിച്ചും കായിക താരങ്ങളില്‍. എന്നാല്‍ ഏപ്രില്‍ ഒൻപതാം തീയിതി തന്റെ അക്കൗണ്ടിലെ പ്രൊമോഷണല്‍ പോസ്റ്റുകളും പരസ്യങ്ങളുമെല്ലാം കോലി നീക്കം ചെയ്തു. എന്താണ് കാര്യമെന്ന് വ്യക്തമാക്കിയതുമില്ല. 

നിലവില്‍ പരസ്യങ്ങളൊന്നുമില്ലാതെ കുടുംബത്തോടുള്ള നിമിഷങ്ങളും വ്യായാമചിത്രങ്ങളും കളികളില്‍ നിന്നുള്ള ചിത്രങ്ങളും മാത്രമാണ് അക്കൗണ്ടിലുള്ളത്.  കോലിയുടെ ഫോളോവേഴ്സെല്ലാം ഇത് സ്വാഗതം ചെയ്തെങ്കിലും ബിസിനസ് പരമായി ഇത് നേട്ടമാണോ കോട്ടമാണോ എന്നതില്‍ ചര്‍ച്ച തുടരുകയാണ്. സ്വന്തം ബ്രാൻഡ് മാത്രം പ്രൊമോട്ട് ചെയ്യുന്നതിനായാണ് കോലി ഇത്തരമൊരു നീക്കം നടത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്.

ഇപ്പോഴിതാ സംഭവത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് കോലി തന്നെ. തന്റെ അക്കൗണ്ട് പുനക്രമീകരിക്കേണ്ടുതുണ്ടായിരുന്നുവെന്നാണ് കോലിയുടെ വിശദീകരണം. സമൂഹ മാധ്യമങ്ങള്‍ക്കായി അധികസമയം ചിലവഴിക്കാനില്ല. നാളെയെന്താണ് സംഭവിക്കുക എന്ന പറയാും കഴിയില്ല. തീര്‍ച്ചയായും അക്കൗണ്ട് പുനക്രമീകരിക്കേണ്ടതുണ്ടായിരുന്നെന്നും കോലി കൂട്ടിച്ചേര്‍ത്തു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പങ്കുവെച്ച വീഡിയോയിലാണ് കോലിയുടെ പ്രതികരണം.

ഐപിഎല്ലിന്റെ പതിനെട്ടാം സീസണില്‍ മികച്ച തുടക്കമാണ് കോലിക്ക് ലഭിച്ചിരിക്കുന്നത്. ആറ് ഇന്നിങ്സുകളില്‍ നിന്ന് ഇതിനോടകം 248 റണ്‍സ് താരം നേടി. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും സ്വന്തമാക്കി. 143 സ്ട്രൈക്ക് റേറ്റിലാണ് കോലി സീസണില്‍ ബാറ്റ് വീശുന്നത്. 

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ അ‍ര്‍ദ്ധ സെഞ്ച്വറി നേടിയതോടെ അപൂര്‍വമായ ഒരു റെക്കോ‍ര്‍ഡ് സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞു. ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 100 അര്‍ദ്ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി കോലി. ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണറാണ് ആദ്യമായി ഈ നാഴികക്കല്ല് പിന്നിട്ടത്. ട്വന്റി 20യില്‍ 108 അര്‍ദ്ധ സെഞ്ച്വറികളാണ് വാര്‍ണറിന്റെ പേരിലുള്ളത്. 400 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണറിന്റെ നേട്ടം.
 

Latest Videos
Follow Us:
Download App:
  • android
  • ios