ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുമ്രയെ കളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെയും ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെയും തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര.
ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ബിസിസിഐയെയും ഇന്ത്യൻ ടീം മാനേജ്മെന്‍റിനെയും വിമര്‍ശിച്ച് മുന്‍താരം ആകാശ് ചോപ്ര. ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിക്കില്ലെന്ന് ഒരിക്കലും പരസ്യമാക്കരുതായിരുന്നുവെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമാണ് ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിക്കില്ലെന്ന് വ്യക്തമാക്കിയത്. ശുഭ്മാന്‍ ഗില്ലിനെ നായകനാക്കിയ കാര്യം പ്രഖ്യാപിക്കുമ്പോഴായിരുന്നു ഇത്. ജോലിഭാരവും പരിക്കേല്‍ക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ബുമ്രയെ അഞ്ച് ടെസ്റ്റുകളിലും കളിപ്പിക്കാത്തതെന്നും അഗാര്‍ക്കറും ഗംഭീറും വ്യക്താക്കിയിരുന്നു.
ബുമ്ര പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ മാത്രമെ കളിക്കൂവെന്ന കാര്യം പരസ്യമാക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നുവെന്ന് ആകാശ് ചോപ്ര പറഞ്ഞു. എന്തിനാണ് അത് പരസ്യമാക്കിയത്. എന്തുകൊണ്ട് അത് രഹസ്യമാക്കിവെച്ചുകൂടാ. നിങ്ങള്‍ ഏത് കളിക്കാരനെ വേണമെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചോളു, പക്ഷെ ഇക്കാര്യം പരസ്യമാക്കാതിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ഇംഗ്ലണ്ടിന് ആശങ്കപ്പെടാനുള്ള അവസരമെങ്കിലും സൃഷ്ടിക്കാമായിരുന്നില്ലെ.
ബുമ്ര അഞ്ച് ടെസ്റ്റിലും കളിക്കില്ലെന്ന വിവരം നേരത്തെ മനസിലാക്കിയ ഇംഗ്ലണ്ട് അതിനനുസരിച്ചുളള പിച്ചുകളായിരിക്കും ഇനി തയാറാക്കുക. ആകെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിക്കുമെന്ന് പറഞ്ഞ ബുമ്രക്ക് ഇനിയുള്ള നാലു ടെസ്റ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമെ കളിക്കാനാവു. ഇനി അടുത്ത ടെസ്റ്റിലും കളിച്ചാല്‍ അവസാന മൂന്ന് ടെസ്റ്റില്‍ ഒന്നില്‍ മാത്രമെ കളിക്കാനാവു. ഇത് എതിരാളികള്‍ക്ക് കൂടുതല്‍ ആശ്വാസമാകും. അവര്‍ അതിനനുസരിച്ചുള്ള തയാറെടുപ്പുകള്‍ നടത്തും. അതിനനുസരിച്ചുള്ള പിച്ചുകള്‍ തയാറാക്കുകയും ചെയ്യുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.
ലീഡ്സ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയ സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്രയ്ക്ക് ബര്‍മിംഗ്ഹാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ഇന്ത്യ രണ്ട് തവണ ചിന്തിക്കണമെന്ന് ആദ്യ ടെസ്റ്റിനുശേഷം മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. ലീഡ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 83 റണ്‍സ് വഴങ്ങി ബുമ്ര അഞ്ച് വിക്കറ്റെടുത്തിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ബുമ്രക്ക് വിക്കറ്റൊന്നും നേടാനായില്ല.


