രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാഴ്സലോണ ഹോം ഗ്രൗണ്ടായ കാംപ് നൗവിലേക്ക് തിരിച്ചെത്തുന്നു. ഓഗസ്റ്റ് പത്തിന് നടക്കുന്ന യോവാൻ ഗാംപർ ട്രോഫി മത്സരത്തിലൂടെയാകും തിരിച്ചുവരവ്. 

ബാഴ്സലോണ: ബാഴ്സലോണ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുന്നു. ആരാധകരുടെ നിലയ്ക്കാത്ത ആരവങ്ങളാൽ എതിരാളികളുടെ ഉളളുലയ്ക്കുന്ന കാംപ് നൗവിലേക്ക് എഫ് സി ബാഴ്സലോണ തിരിച്ചെത്തുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ബാഴ്സ കളിക്കാനിറങ്ങുന്നത്. ഓഗസ്റ്റ് പത്തിനാണ് കാംപ് നൗവിലെ മത്സരങ്ങൾ പുനരാരംഭിക്കുക.

ഓഗസ്റ്റ് പത്തിന് സ്പാനിഷ് ഫുട്ബോൾ സീസണ് തുടക്കമാവുന്ന യോവാൻ ഗാംപർ ട്രോഫി മത്സരത്തിലൂടെയാവും ബാഴ്സലോണ ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുക. 99000 പേർക്കിരിക്കാവുന്ന കാംപ് നൗ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കളത്തട്ടുകളിൽ ഒന്നാണ്. 1957 സെപ്റ്റംബർ 24ന് തുടങ്ങിയ കാംപ് നൗവ് നവീകരണത്തിനായി 2023ലായിരുന്നു അടച്ചിട്ടത്. 2023 മെയിലാണ് ബാഴ്സലോണ കാംപ നൗവില്‍ അവസാന ഹോം മത്സരം കളിച്ചത്.

Scroll to load tweet…

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാവുമ്പോൾ കാംപ് നൗവിന് ഒരുലക്ഷത്തി അയ്യായിരം കാണികളെ ഉൾക്കൊള്ളാനാവും. പക്ഷേ ഓഗസ്റ്റ് പത്തിന് പകുതിയിൽ താഴെ കാണികൾക്ക് മാത്രമാണ് പ്രവേശനമുണ്ടാവുക. ഇതിന് മുൻപ് 35000 കാണികളെ പ്രവേശിപ്പിച്ച് ഗാലറികളിൽ പരിശോധന നടത്തും. പതിനയ്യായിരം കോടി രൂപയാണ് നിർമാണ ചെലവ്. ഗാലറിയിലെ മൂന്നാം നിര. വി ഐ പി റിംഗ്, മേൽക്കൂര എന്നിവയുടെ നവീകരണം അവസാന ഘട്ടത്തിലാണ്. 

Scroll to load tweet…

നിർമാണം പൂർത്തിയാക്കാൻ സ്പാനിഷ് ലീഗ് സീസണിലെ ആദ്യ മൂന്ന് ഹോംമത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തണമെന്ന് ബാഴ്സലോണ ലാ ലീഗയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന രണ്ട് സീസണിൽ ബാഴ്സയുടെ ഹോം മത്സരങ്ങൾ നടന്നത് ഒളിംപിക് സ്റ്റേഡിയത്തിലായിരുന്നു. 2030 ലോകകപ്പ് ഫുട്ബോളിന് വേദിയാവുന്നത് സ്പെയിനും പോര്‍ച്ചുഗലും മൊറോക്കോയും ചേര്‍ന്നാണ്. 2030ലെ ലോകകപ്പ് ഫൈനലിന് കാംപ് നൗ വേദിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക