ഇനിയുമൊരു തവണ കൂടി ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുണ്ട്. അത് 28ന് നടക്കുന്ന ഫൈനലിലാണെന്ന് മാത്രം.

ദുബായ്: ഏഷ്യാ കപ്പില്‍ മൂന്നാം തവണയും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചതായിരുന്നു. പ്രതീക്ഷിച്ചപോലെ ഇരു ടീമുകളും രണ്ട് തവണ പരസ്പരം നേര്‍ക്കു നേര്‍വരികയും രണ്ട് തവണയും ഇന്ത്യ ജയിച്ചു കയറുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ഇന്നലെ സൂപ്പര്‍ ഫോറില്‍ എറ്റുമുട്ടിയപ്പോഴാകട്ടെ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചു.

ഇനിയുമൊരു തവണ കൂടി ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുണ്ട്. അത് 28ന് നടക്കുന്ന ഫൈനലിലാണെന്ന് മാത്രം. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം ജയിച്ചതോടെ ഫൈനല്‍ പ്രതീക്ഷകൾ ഇന്ത്യ സജീവമാക്കിയപ്പോള്‍ പാകിസ്ഥാന് കാര്യങ്ങള്‍ അത്ര സിംപിളിലല്ല. സൂപ്പര്‍ ഫോറില്‍ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് 28ന് നടക്കുന്ന ഫൈനലിന് യോഗ്യത നേടുക. സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും ഓരോ മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് പോയന്‍റ് വീതമുള്ള ഇന്ത്യയും ബംഗ്ലാദേശുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. +0.689 നെറ്റ് റണ്‍റേറ്റുള്ള ഇന്ത്യ ഒന്നാമതും +0.121 നെറ്റ് റണ്‍റേറ്റുള്ള ബംഗ്ലാദേശ് രണ്ടാമതുമാണ്. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരം തോറ്റ ശ്രീലങ്ക-0.121 നെറ്റ് റണ്‍ റേറ്റുമായി മൂന്നാമതും -0.689 നെറ്റ് റണ്‍റേറ്റുള്ള പാകിസ്ഥാന്‍ നാലാമതുമാണ്.

പാകിസ്ഥാനും ശ്രീലങ്കക്കും നാളെ ജീവന്‍മരണപ്പോരാട്ടം

നാളെ നടക്കുന്ന ശ്രീലങ്കക്കെതിരായ പാകിസ്ഥാന്‍റെ മത്സരമാകും ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യയും പാകിസഥാനും നേര്‍ക്കുനേര്‍ വരുമോ എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക. നാളെ ശ്രീലങ്കയെ തോല്‍പിച്ചാല്‍ പാകിസ്ഥാന് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താം. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ കൂടി തോല്‍പിച്ചാല്‍ പാകിസ്ഥാന്‍ ഫൈനലിലെത്തുമെന്ന് കരുതാം. ശ്രീലങ്കയെ തോല്‍പിച്ച ബംഗ്ലാദേശിനെ ഇന്ത്യയും പാകിസ്ഥാനും തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിന്‍റെ ഫൈനല്‍ പ്രതീക്ഷ മങ്ങും.

ഇന്നലെ ഇന്ത്യയോട് തോറ്റതോടെ നാളെ ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരം പാകിസ്ഥാന് ജീവന്‍മരണ പോരാട്ടമാണ്.ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ശ്രീലങ്കക്കും നാളെ പാകിസ്ഥാനെ വീഴ്ത്തിയാല്‍ മാത്രമെ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാവുവെന്നതിനാസല്‍ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം. അബുദാബിയിലാണ് പാകിസ്ഥാന്‍-ശ്രീലങ്ക പോരാട്ടമെന്നതിനാല്‍ ടോസും നിര്‍ണായമാകും. അതേസമയം ഇന്ത്യയുടെ ബാക്കിയുള്ള രണ്ട് മത്സരങ്ങളും ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തന്നെയാണ്. പാകിസ്ഥാനോട് തോറ്റാല്‍ ശ്രീലങ്കയുടെ സാധ്യതകള്‍ക്കും തിരച്ചടിയേല്‍ക്കും.

ബുധനാഴ്ച ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് ജയിച്ചാല്‍ ശ്രീലങ്കയുമായുള്ള അവസാന മത്സരത്തിന് മുമ്പെ ഫൈനല്‍ ഉറപ്പിക്കാം. ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിനും ഫൈനല്‍ പ്രതീക്ഷ വെക്കാം. ഇതോടെ പാകിസ്ഥാനും ശ്രീലങ്കയും പുറത്തേക്കുള്ള വഴിയിലാവും. എന്നാല്‍ മൂന്ന് ടീമുകള്‍ രണ്ട് വീതം ജയം നേടാനുള്ള സാഹചര്യമുള്ളതിനാല്‍ നെറ്റ് റണ്‍റേറ്റാവും ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടില്ലെന്നതും ചരിത്രമാണ്. ഇത്തവണ അതുണ്ടാകുമോ എന്നറിയാൻ ഇനി ഏതാനും മത്സരങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക