ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ദില്‍ഷന്‍ മധുശങ്ക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓഫ് സ്റ്റംപ് തെറിപ്പിച്ചപ്പോള്‍ ഇന്ത്യ ഞെട്ടി. പിന്നീട് എത്തിയ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ പതുക്കെ കരകയറ്റി.
മുംബൈ: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 358 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ഇന്നിംഗ്സിനൊടുവില്‍ തകര്‍ത്തടിച്ച ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.
തുടക്കത്തില്‍ ഞെട്ടി ഇന്ത്യ
ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ദില്‍ഷന്‍ മധുശങ്ക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓഫ് സ്റ്റംപ് തെറിപ്പിച്ചപ്പോള്‍ ഇന്ത്യ ഞെട്ടി. പിന്നീട് എത്തിയ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ പതുക്കെ കരകയറ്റി. നിലയുറപ്പിച്ചശേഷം ഇരുവരും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിന് വേഗം കൂടി. രണ്ടാം വിക്കറ്റില്‍ 189 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.
92 റണ്‍സെടുത്ത ഗില്ലിനെയും മടക്കിയത് മധുശങ്ക തന്നെയായിരുന്നു. പിന്നാലെ സെഞ്ചുറിക്ക് 12 റണ്‍സകലെ സ്ലോ ബോളില്‍ കോലിയെയും വീഴ്ത്തി മധുശങ്ക ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചെങ്കിലും ശ്രേയസ് അയ്യര്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ വമ്പന്‍ സ്കോറിലേക്ക് കുതിച്ചു. ഇതിനിടെ കെ എല്‍ രാഹുലും(21) സൂര്യകുമാര്‍ യാദവും(12) മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജക്കൊപ്പം തകര്‍ത്തടിച്ച ശ്രേയസ് ഇന്ത്യയെ 300 കടത്തി. മൂന്ന് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇന്നിംഗ്സ്.
സെഞ്ചുറിക്ക് 12 റണ്‍സകലെ വീണു; മുംബൈയിലും സച്ചിനൊപ്പമെത്താനാവാതെ വിരാട് കോലി
ശ്രേയസ് മടങ്ങിയശേഷം ആക്രമണം ഏറ്റെടുത്ത ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് ഇന്ത്യയെ 350 കടത്തി. ശ്രീലങ്കക്കായി മധുശങ്ക 80 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ചമീര ഒരു വിക്കറ്റെടുത്തു.
