ഓസ്ട്രേലിയന്‍ മുന്‍താരവും ഇതിഹാസ ഫിനിഷറുമായ മൈക്കല്‍ ബെവനും ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍ പറയുകയാണ്

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യ പരാജയപ്പെട്ടതിന്‍റെ കാരണങ്ങള്‍ തിരയുകയാണ് ക്രിക്കറ്റർ പണ്ഡിതർ. ഓസ്ട്രേലിയന്‍ മുന്‍താരവും ഇതിഹാസ ഫിനിഷറുമായ മൈക്കല്‍ ബെവനും ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍ പറയുന്നു. മൂന്ന് കാര്യങ്ങളാണ് കോലിപ്പടയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് എന്നാണ് ബെവന്‍റെ നിരീക്ഷണം. 

1. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പ്രാക്ടീസ് മത്സരങ്ങളുടെ കുറവ് ഇന്ത്യക്കുണ്ടായിരുന്നു.

2. സാഹചര്യങ്ങള്‍ ഇന്ത്യന്‍ ബൗളർമാരേക്കാള്‍ ന്യൂസിലന്‍ഡ് സ്വിങ് ബൗളർമാര്‍ക്ക് അനുയോജ്യമായിരുന്നു. 

3. അവസാന ദിനത്തിലേക്ക് എത്തുമ്പോള്‍ സമനിലയോ തോല്‍വിയോ മാത്രമേ നേരിടാന്‍ കഴിയൂ എന്നത് കൂടുതല്‍ സമ്മർദം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരിലുണ്ടായി. 

സതാംപ്ടണിലെ റോസ് ബൗളില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോരില്‍ ബൗളിംഗ് മേധാവിത്വവുമായാണ് കിവികള്‍ കിരീടമുയർത്തിയത്. കെയ്ല്‍ ജാമീസണ്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവർക്ക് പിച്ചിന്‍റെ സ്വിങ് മുതലാക്കാനായി. ആദ്യ ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് പ്രകടനമുള്‍പ്പടെ ഏഴ് വിക്കറ്റുമായി ജാമീസണ്‍ കളിയിലെ താരമായി. അതേസമയം ഇന്ത്യന്‍ നിരയില്‍ ജസ്‍പ്രീത് ബുമ്രക്ക് പോലും കാര്യമായി ഒന്നും ചെയ്യാനായില്ല. 

പരിശീലന മത്സരം കളിക്കാതെ സ്ക്വാഡിലെ താരങ്ങള്‍ തമ്മില്‍ സന്നാഹ മത്സരം മാത്രം കളിച്ചാണ് ടീം ഇന്ത്യ ഫൈനലിന് ഇറങ്ങിയത്. അതേസമയം ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടായിരുന്നു കിവികളുടെ വരവ്. ഒന്നെങ്കില്‍ സമനില, അല്ലെങ്കില്‍ തോല്‍വി എന്ന സമ്മർദത്തിലേക്ക് അവസാന ദിനം കോലിപ്പട എത്തുകയും ചെയ്തു.

കലാശപ്പോരില്‍ കോലിപ്പടയെ എട്ട് വിക്കറ്റിന് കീഴ്‌പ്പെടുത്തിയാണ് കെയ്‌ന്‍ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് കപ്പുയര്‍ത്തിയത്. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലന്‍ഡ് 249 & 140/2. രണ്ടാം ഇന്നിംഗ്‌സില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്‌ലര്‍ (47*) എന്നിവര്‍ പുറത്താകാതെ നിന്നു. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ജയിക്കുമെന്ന പ്രവചനം; ന്യൂസിലൻഡ് ആരാധകരോട് മാപ്പു പറഞ്ഞ് ടിം പെയ്ൻ

ഇംഗ്ലണ്ടിലെ സാഹചര്യം അനുകൂലം; സ്റ്റാർ പേസറെ ഇന്ത്യ വിളിച്ചുവരുത്തണമെന്ന് നാസർ ഹുസൈന്‍

അയാൾ പ്രതിഭയുടെ സ്വർണഖനി, ഇന്ത്യൻ യുവതാരത്തെക്കുറിച്ച് ​ഗ്രെയിം സ്വാൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona