ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ സെലക്‌ടര്‍മാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വിരാട് കോലി.
മുംബൈ: ഏഷ്യാ കപ്പില്‍(Asia Cup 2022) വിരാട് കോലി(Virat Kohli) ഇന്ത്യക്കായി(Indian National Cricket Team) ഓപ്പണ്‍ ചെയ്യുന്നത് കാണാനായേക്കുമെന്ന അഭിപ്രായവുമായി മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥീവ് പട്ടേല്‍(Parthiv Patel). നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന വിരാട് കോലി ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഏഷ്യാ കപ്പില്‍ കളിക്കണമെന്ന ആഗ്രഹം നേരത്തെ കോലി തുറന്നുപറഞ്ഞിരുന്നു.
'വിരാട് കോലിയുടെ കഴിവുകളുടെ കാര്യത്തില്‍ സംശയമില്ല. ഫോം മാത്രമാണ് ആശങ്ക. ഏത് പൊസിഷനില്‍ കളിക്കണമെന്നത് മാത്രമാണ് സംശയം. അതിനാലാണ് ഏഷ്യാ കപ്പ് വളരെ നിര്‍ണായകമാകുന്നത്. കോലിക്ക് മാത്രമല്ല, ടീം ഇന്ത്യക്കും കൃത്യമായ കോംബിനേഷന്‍ ലഭിക്കാന്‍ ഏഷ്യാ കപ്പ് നിര്‍ണായകമാണ്. താരങ്ങളുടെ കോംബിനേഷനാണ് ഏറെ നിര്‍ണായകം. കെ എല്‍ രാഹുല്‍ പൂര്‍ണ ആരോഗ്യവാനല്ലാത്തതിനാല്‍ കോലി ഏഷ്യാ കപ്പില്‍ ഓപ്പണറാവുന്നത് കാണാനായേക്കും. ഇപ്പോള്‍ ഇന്ത്യ നിരവധി ഓപ്പണര്‍മാരെ പരീക്ഷിച്ചു. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്. സൂര്യകുമാര്‍ യാദവ് എന്നിങ്ങനെ...' പാര്‍ഥീവ് പട്ടേല്‍ ക്രിക്‌ബസില്‍ പറഞ്ഞു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ സെലക്‌ടര്‍മാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വിരാട് കോലി. വരാനിരിക്കുന്ന സിംബാബ്‌വെന്‍ പര്യടനവും കോലിക്ക് നഷ്‌ടമാകും. അതേസമയം എട്ട് മാസമായി ഇന്ത്യക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കാത്ത കെ എല്‍ രാഹുലിന്‍റെ തിരിച്ചുവരവ് വൈകുകയാണ്. പരിക്കില്‍ നിന്ന് മോചിതനായി വരുന്ന താരത്തെ ഏഷ്യാ കപ്പില്‍ കളിപ്പിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ ഉറപ്പില്ല. ഇതാണ് ഓപ്പണിംഗില്‍ കോലിക്ക് സാധ്യത കല്‍പിക്കാന്‍ കാരണം.
ഈ മാസം 27ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക. ദുബായിയും ഷാര്‍ജയുമാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്ന ടീമുകള്‍. ദുബായിയില്‍ പാകിസ്ഥാനെതിരെ ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം.
