2017 മുതൽ പെണകുട്ടി പിതാവിന്റെ പീഡനം നേരിടുന്നുണ്ട്. 2020 മുതൽ സഹോദരനും പീഡിപ്പിക്കാൻ ആരംഭിച്ചു...
പൂനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും സഹോദരനും മുത്തച്ഛനും ബന്ധുവും പീഡിപ്പിച്ചതായി (Rape) പരാതി. അഞ്ച് വർഷമായി ഇവർ പലയിടത്തുവച്ചായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇപ്പോൾ 11 വയസ്സുള്ള പെൺകുട്ടിയുടെ, സഹോദരനും 45 കാരനായ പിതാവിനും മുത്തച്ഛനും ബന്ധുവിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിഹാർ സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇവർ ഇപ്പോൾ പൂനെയിലാണ് താമസിക്കുന്നത്.
കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന ഗുഡ് ടച്ച് ആന്റ് ബാഡ് ടച്ച് ക്ലാസിലാണ് പെൺകുട്ടി താൻ നേരിടുന്ന ആക്രമണം തുറന്ന് പറഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി പീഡനം തുടർന്ന് വരികയായിരുന്നു. 2017ൽ ബിഹാറിൽ താമസിക്കുമ്പോഴാണ് പിതാവ് മകളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത്. പെൺകുട്ടിയുടെ ജ്യേഷ്ഠൻ 2020 നവംബറിലാണ് അവളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത്.
അവളുടെ മുത്തച്ഛനും ബന്ധുവും അവളെ തെറ്റായ രീതിയിൽ സ്പർശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എല്ലാ സംഭവങ്ങളും വെവ്വേറെയായി നടന്നതിനാൽ പ്രതികൾ പരസ്പരം അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനമനം. അതിനാൽ കൂട്ടബലാത്സംഗമല്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ പോക്സോ ചുമത്തിയതായും പൊലീസ് വ്യക്തമാക്കി.
