ഓഫീസിലെ മറ്റൊരു ജീവനക്കാരൻ പ്രതിയുടെ കയ്യിൽ നിന്നും ഒരു കത്തി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും, പ്രതി തന്റെ പക്കലുണ്ടായിരുന്ന മറ്റൊരു കത്തി എടുത്ത് വീണ്ടും ആക്രമണം തുടരുകയായിരുന്നു
മൊഹാലി: ഓഫീസിനുള്ളിലേക്ക് ഇരച്ചെത്തി. ജോലി ചെയ്തുകൊണ്ടിരുന്ന മുൻ കാമുകിയെ സഹപ്രവർത്തകർ നോക്കി നിൽക്കെ കുത്തിക്കൊന്ന് യുവാവ്.പഞ്ചാബിലെ മൊഹാലിയിലുള്ള ഒരു സ്വകാര്യ കമ്പനി ഓഫീസിനുള്ളിലാണ് സംഭവം. 29 വയസ്സുകാരിയായ യുവതിയെയാണ് സഹപ്രവർത്തകനും മുൻ കാമുകനുമായ യുവാവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ അക്രമം തടയാൻ ശ്രമിച്ചെങ്കിലും അവരെയെല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തിക്കൊണ്ടാണ് പ്രതി ഈ ക്രൂരത ചെയ്തത്. ആക്രമണത്തിന് ശേഷം പ്രതി സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ജൂൺ 4-ാം തീയതി വ്യാഴാഴ്ച വൈകുന്നേരമാണ് ഈ ദാരുണമായ സംഭവം നടന്നത്.
ഡിംപിൾ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഹർവീന്ദർ മാൻ എന്ന യുവാവ് ഡിംപിളിനെ തുടർച്ചയായി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരേയും സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, യുവതി അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. കൊലപാതക കുറ്റം ചുമത്തപ്പെട്ട പ്രതി ഹർവീന്ദർ മാൻ നിലവിൽ കടുത്ത പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മാതാപിതാക്കൾ അമേരിക്കയിലുള്ള ഹർവീന്ദറും കൊല്ലപ്പെട്ട ഡിംപിളും പട്യാല സ്വദേശികളാണ്. മൊഹാലിയിലെ ഒരേ ഓഫീസിലാണ് ഇരുവരും ജോലി ചെയ്തിരുന്നതെങ്കിലും വെവ്വേറെ പേയിംഗ് ഗസ്റ്റ് താമസസൗകര്യങ്ങളിലാണ് ഇവർ കഴിഞ്ഞിരുന്നത്.
ഓഫീസിലെ ഷിഫ്റ്റ് മാറുന്ന സമയത്തായിരുന്നു ഈ ആക്രമണം നടന്നത്. അതിനാൽ ആ സമയം ആ നിലയിൽ രണ്ട് മൂന്ന് ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിംപിളിനെ രക്ഷിക്കാൻ സഹപ്രവർത്തകർ ഓടിയെത്തിയപ്പോൾ പ്രതി അവർക്ക് നേരെ കത്തി വീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീകരമായ രംഗങ്ങളെല്ലാം ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഓഫീസിലെ മറ്റൊരു ജീവനക്കാരൻ പ്രതിയുടെ കയ്യിൽ നിന്നും ഒരു കത്തി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും, പ്രതി തന്റെ പക്കലുണ്ടായിരുന്ന മറ്റൊരു കത്തി എടുത്ത് വീണ്ടും ആക്രമണം തുടരുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച് ഡിംപിളും ഹർവീന്ദറും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവർ വേർപിരിഞ്ഞു. ഡിംപിളുമായി വീണ്ടും അടുക്കാൻ ഹർവീന്ദർ പലതവണ ശ്രമിച്ചെങ്കിലും യുവതി ആ നിർദ്ദേശം കർശനമായി നിരസിക്കുകയായിരുന്നു. പ്രണയനൈരാശ്യവും ഒപ്പം വരാൻ തയ്യാറാകാത്തതിലുള്ള പ്രതികാരവുമാണ് ഓഫീസിനുള്ളിൽ വെച്ചുള്ള ഈ ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മൊഹാലി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


