കൊല്ലത്ത് ഡോക്‌ടറെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു

കൊല്ലം : ഡോക്ടറെ വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ചെറുമൂട് സ്വദേശി സനിത് സുന്ദറിനെയാണ് വെറുതെവിട്ടുകൊണ്ട് പെരിനാട് ഗ്രാമ ന്യായാലയ കോടതി മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്. 2015 ഏപ്രിലിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.

പരാതിക്കാരനായ ഡോക്ടറോടുള്ള മുൻവിരോധം മൂലം പ്രതിയായ സനിത് സുന്ദർ മാരകായുധങ്ങളുമായി ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചെന്നായിരുന്നു കേസ്. ഡോക്ടറുടെ വീട്ടുപകരണങ്ങൾ തകർത്ത് ഡോക്ടറെ മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നും കേസിൽ ആരോപിച്ചിരുന്നു. സംഭവത്തിൽ ഡോക്ടറുടെ പരാതിയിൽ കുണ്ടറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംശയാതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് പ്രതിയെ വിട്ടയച്ചത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സി.അതുൽ, ലിജിൻ ഫെലിക്സ്, എസ്.ഹരിശങ്കർ, അമൽ മേനോൻ എന്നിവർ ഹാജരായി.