യുവാക്കളിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. 

കൊല്ലം: ക്ലാപ്പനയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കുലശേഖരപുരം സ്വദേശികളായ വിഷ്ണു (25), അഭിജിത്ത് (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. ശ്രീക്കുട്ടൻ എന്നയാളാണ് കേസിലെ മൂന്നാം പ്രതി.

കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേസ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി, പ്രവന്റീവ് ഓഫീസർ പ്രസാദ് കുമാർ, ഐ.ബി പ്രവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം.ആർ, അജിത്ത് ബി.എസ്, ജോജോ, ജൂലിയൻ ക്രൂസ്, ബാലു എസ് സുന്ദർ, അഭിരാം എച്ച്, അരുൺ ലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ്.എസ്.കെ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു

കഴിഞ്ഞ ദിവസമാണ് മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപമുള്ള വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകൾക്കുള്ളിൽ നിന്നും 12 കിലോഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും പിടികൂടിയത്. വീട്ടിൽ ഹാളിന്റെ ചുവരിൽ അലങ്കാരപ്പണികൾ എന്ന രീതിയിൽ തടികൊണ്ടു നിർമ്മിച്ച സ്ഥലത്തും, ശുചി മുറിയിലെ വാഷ്ബേസിന് താഴെയായി ഇളക്കിയെടുക്കാൻ കഴിയുന്ന കബോർഡിനും പിന്നിലുള്ള രഹസ്യ മുറിയിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ വീട്ടുടമ ഹനീഫ് ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇയാളെ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്തി കൊണ്ട് വന്ന 18 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം