ബെംഗളുരു: ഇറച്ചിവെട്ടുകാരന്റെ കത്തിമോഷ്ടിച്ച് ആള്‍ക്കൂട്ടത്തിന് നേരെ 30 കാരന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബെംഗളുരുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം. 

ഗണേഷ് എന്നയാളാണ് കൊലപാതകം നടത്തിയത്. കോട്ടണ്‍പേട്ട് മേഖലയിലെ ഇറച്ചിക്കടയില്‍ ഇറച്ചി വാങ്ങാനെത്തിയ ഗണേഷ് അവിടെ നിന്ന് കത്തി മോഷ്ടിക്കുകയായിരുന്നു. കത്തിയുമായി ഓടിപ്പോയ ഇയാള്‍ ആറ് പേരെ ആക്രമിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുത്തേറ്റ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഗണേഷ് ദിവസവേതന തൊഴിലാളിയാണ്. ആളുകള്‍ അറിയച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് ഗണേഷിനെ അറസ്റ്റ് ചെയ്യുകയും ആയുധം പിടിച്ചെടുക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്തു, ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.