ഓഹരി വിപണിയിൽ 40 ലക്ഷത്തിലേറെ രൂപ നഷ്ടം വന്നതിന് പിന്നാലെ കടം നൽകിയവർ വീട്ടിൽ വരാൻ തുടങ്ങിയതോടെ നാടുവിട്ട യുവാവ് യുട്യൂബിന്റെ പ്രവർത്തനം പഠിച്ചത് യുട്യൂബിൽ നിന്നായിരുന്നു

കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ കടവില്‍ എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി വിജേഷാണ് പിടിയിലായത്. ഓഹരി വിപണിയില്‍ നിക്ഷേപിച്ച പണം നഷ്ടമായതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത മൂലമാണ് എടിഎമ്മില്‍ മോഷണം നടത്താന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.

പുലര്‍ച്ചെ രണ്ടേ കാലോടെ പറമ്പില്‍ കടവ് പാലത്തിനു സമീപം പട്രോളിംഗ് നടത്തുകയായിരുന്നു കണ്‍ട്രോള് റൂമില്‍ നിന്നുള്ള പൊലീസ് സംഘം. ഷട്ടര്‍ താഴ്ത്തികിടന്ന ഹിറ്റാച്ചി എടിഎം കൗണ്ടറില്‍ നിന്നും അസാധാരണ ശബ്ദം കേട്ട് വാഹനം നിര്‍ത്തുകയായിരുന്നു. കൗണ്ടറിനുള്ളില്‍ നിന്നും ഇലക്ട്രിക് കട്ടര്‍ ഉപയോഗിക്കുന്ന ശബ്ദമാണെന്ന് മനസിലായതോടെ ഷട്ടര്‍ ഉയര്‍ത്തി അകത്തു കടന്നു. അപ്പോഴാണ് അകത്ത് ഇലക്ട്രിക് കട്ടറുമായി നിന്ന മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി വിജേഷിനെ കണ്ടത്. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടിഎം മെഷീനിന്‍റെ ട്രേയോട് ചേര്‍ന്ന ഭാഗം ഇലക്ട്രിക് കട്ടറുപയോഗിച്ച് വിജേഷ് മുറിക്കാന്‍ മുറിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

സമീപത്തെ ജ്വല്ലറിയുടെ സിസിടിവി ക്യാമറ തിരിച്ചു വച്ചതിന് ശേഷമാണ് എടിഎം കൗണ്ടറില്‍ കയറിയത്. സ്ഥലത്ത് നിന്നും കമ്പിപ്പാരയും ചുറ്റികയുമുള്‍പ്പെടെ പോലീസ് കണ്ടെടുത്തു. വിജേഷ് എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല്‍പ്പതു ലക്ഷം രൂപയിലധികം കടബാധ്യത വന്നതോടെയാണ് ആദ്യമായി മോഷണം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് വിജേഷ് പൊലീസിനോട് പറഞ്ഞു. പോളിടെക്നിക് പഠനത്തിന് ശേഷം ബിടെകിന് ചേര്‍ന്നിരുന്നെങ്കിലും യുവാവ് പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. താത്കാലികമായി പലയിടത്തും ജോലി ചെയ്ത വിജേഷ് ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചിരുന്നു. 

നഷ്ടം നേരിട്ടതോടെ കടക്കെണിയിലായി. കടം കൊടുത്തവര്‍ പലരും വീട്ടിലെത്താന്‍ തുടങ്ങിയതോടെയാണ് കാറുമായി രണ്ടാഴ്ച മുമ്പ് വീടു വിട്ടിറങ്ങിയത്. കോഴിക്കോടെത്തി പലയിടങ്ങളിലായി തങ്ങി. ഒടുവില്‍ എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. യുട്യൂബ് വഴി എടിഎമ്മിന്‍റെ പ്രവര്‍ത്തനം മനസിലാക്കിയാണ് ഇന്ന് പുലര്‍ച്ചെ മോഷണത്തിനിറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം