അമ്മയുമായി പ്രതി അടുത്തിടപഴകുന്നത് പെൺകുട്ടി കണ്ടെന്നും സംഭവം പുറത്തറിയാതിരിക്കാനാണ് അവളെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ദില്ലി: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചുവെട്ടുകാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. സെൻട്രൽ ദില്ലിയിലെ യമുന ഖാദർ വനമേഖലയിലാണ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത നിലയിൽ കണ്ടെത്തിയത്. കേസിൽ 36 കാരനായ ബാദ്ഷാ എന്ന റിസ്വാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് പെൺകുട്ടിയുടെ കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ബിഹാർ സ്വദേശിയായ ജനിച്ച ബാദ്ഷാ20 വർഷം മുമ്പ് ജോലിക്കായി ദില്ലിയിൽ എത്തിയതാണ്. തുർക്ക്മാൻ ഗേറ്റ് ഏരിയയിൽ കശാപ്പുകാരനായി ജോലി ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കി.
മയക്കുമരുന്നിന് അടിമയായ റിസ്‌വാൻ കഞ്ചാവ് വലിക്കാൻ പതിവായി യമുന ഖാദറിൽ പോകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ദര്യഗഞ്ച് സ്വദേശിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് അഞ്ചിന് പുലർച്ചെ പിതാവാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. അയൽപക്കത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഇയാൾ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം വികൃതമായ നിലയിൽ ഓഗസ്റ്റ് 18ന് യമുന ഖാദർ മേഖലയിൽ കണ്ടെത്തിയത്.
തുടർന്ന് കേസ് അന്വേഷിക്കാൻ 50 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിച്ചു.
സമീപത്തെ സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. യമുന ഖാദർ പ്രദേശത്തും പരിസരത്തുമായി താമസിക്കുന്ന 200 ഓളം ആളുകളെ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നതിനായി ചോദ്യം ചെയ്തു. ഇതിനിടെ കശാപ്പുകാരനായ ബാദ്ഷാ കുട്ടിയെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടെന്നും മിഠായി നൽകി സൗഹൃദം സ്ഥാപിച്ചിരുന്നതായും രഹസ്യ വിവരം ലഭിച്ചു. സംഭവ ദിവസം റിസ്‌വാൻ യമുന ഖാദറിൽ എത്തിയിരുന്നുവെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
16-കാരിയെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നിറക്കി തിരുവനന്തപുരത്തെത്തിച്ച് ലൈംഗിക അതിക്രമം, അറസ്റ്റ്
യമുന ഖാദർ പ്രദേശത്തെ സന്ദർശനത്തിനിടെ കുട്ടിയുടെ അമ്മയുമായി അടുപ്പം പുലർത്തിയെന്നും പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നതായും റിസ്വാൻ വെളിപ്പെടുത്തിയതായി ഡിസിപി പറഞ്ഞു. അമ്മയുമായി പ്രതി അടുത്തിടപഴകുന്നത് പെൺകുട്ടി കണ്ടെന്നും സംഭവം പുറത്തറിയാതിരിക്കാനാണ് അവളെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
സംഭവദിവസം താൻ ഇരയുടെ അയൽപക്കത്തെത്തി ലഹരി ഉപയോഗിച്ചു. ശേഷം എല്ലാവരും ഉറങ്ങാനായി കാത്തിരുന്നു. എല്ലാവരും ഉറങ്ങിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി യമുന ഖാദറിന്റെ തൊട്ടടുത്ത വനമേഖലയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. അതിനുശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
