കൊട്ടിയം സ്വദേശിയായ പ്രതി കിരണ്‍കുമാറിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കി. അതേസമയം, പൊലീസ് സൈനികനെ ക്രൂരമായി മ‍ർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

കൊല്ലം: കൊല്ലം കൊട്ടിയത്ത് പരാതി അന്വേഷിക്കാനെത്തിയ സി ഐയേയും എസ് ഐയേയും സൈനികന്‍ അക്രമിച്ചെന്ന് പരാതി. കൊട്ടിയം സ്വദേശിയായ പ്രതി കിരണ്‍കുമാറിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കി. അതേസമയം, പൊലീസ് സൈനികനെ ക്രൂരമായി മ‍ർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

കൊട്ടിയം ചെന്താപ്പൂരിലെ എൻഎസ്എസ് കരയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. സൈനികനായ കിരണ്‍കുമാറിന്റെ അച്ഛൻ തുളസീധരന്‍ പിള്ള കരയോഗം ഓഫീസ് ആക്രമിച്ചു എന്ന് കാണിച്ച് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. തനിക്ക് മര്‍ദ്ദനമേറ്റെന്ന് കാട്ടി തുളസീധരന്‍ പിള്ളയും പൊലീസിനെ സമീപിച്ചു. വൈകിട്ടോടെ കരയോഗം പ്രസിഡന്റ് സുരേഷിന്റെ വീട്ടിലെത്തി സ്ത്രീകളെ കിരണ്‍കുമാർ അസഭ്യം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ എത്തിയ കൊട്ടിയം ഇന്‍സ്‌പെക്ടർ പി വിനോദ്, എസ് ഐ സുജിത് വി നായര്‍ എന്നിവരെ കിരണ്‍കുമാർ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കിരണ്‍കുമാറിനെ കൈ കെട്ടിയിട്ടാണ് പൊലീസ് കീഴ്പ്പെടുത്തിയത്. സൈനികനേയും അച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ എസ് ഐയ്ക്കും സൈനികന്റെ അമ്മയ്ക്കും പരുക്കേറ്റു. ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, ഉറങ്ങിക്കിടക്കുകയായിരുന്ന സൈനികനെ പൊലീസ് വിളിച്ചുണര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സൈനികന്റെ കുടുംബത്തിന്റെ ആരോപണം. സൈനികനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് കൊട്ടിയം പൊലീസ് ചുമത്തിയിരിക്കുന്നത്. കിരണ്‍കുമാർ നേരത്തെയും അക്രമക്കേസുകളിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.