ലക്നൌവ്വിലെ ആഷിയാന മേഖലയിലാണ് മോഷണം നടന്നത്. ആരോഗ്യ വകുപ്പിലെ ജോയിന്റ് ഡയറക്ടറുടെ വീടാണ് അഞ്ചംഗ സംഘം കൊള്ളയടിച്ചത്

ലക്നൌ: വീട് കൊള്ളയടിച്ച ശേഷം മോഷണ വസ്തുക്കൾ ചാക്കിൽ ചുമന്ന് കൊണ്ടുപോയി മോഷ്ടാക്കൾ, എല്ലാം കണ്ട് സിസിടിവി. ജൂൺ 7ന് ഉത്തർ പ്രദേശിലെ ലക്നൌവ്വിൽ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വനിതാ സംഘമാണ് മോഷണം നടത്തിയിരിക്കുന്നത്. ആഭരണങ്ങളും പണവും വീട്ടുപകരണങ്ങളും അടക്കം മോഷ്ടിച്ച് ചാക്കുകളിലാക്കി വച്ചതിന് ശേഷം മോഷണ മുതലുമായി രക്ഷപ്പെടുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.

ലക്നൌവ്വിലെ ആഷിയാന മേഖലയിലാണ് മോഷണം നടന്നത്. സന്ദീപ് ഗുലാടി എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ആരോഗ്യ വകുപ്പിലെ ജോയിന്റ് ഡയറക്ടറാണ് സന്ദീപ് ഗുലാടി. മോഷണം നടന്ന സമയത്ത് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷണ വസ്തുക്കൾ സംഘം ചാക്കിലാക്കുന്നത് വ്യക്തമാണ്.

ഇതിന് പിന്നാലെ ഗേറ്റിലൂടെ അഞ്ചംഗ സംഘം റോഡിലൂടെ അൽപ ദൂരം നടക്കുന്നു. ഇതിനിടെ സംഘത്തിലൊരാൾ തിരികെ വന്ന് വീടിന്റെ ഗേറ്റ് അടയ്ക്കുന്നു. ഇതിനിടെ റോഡിലൂടെ നടക്കുന്ന സംഘം വീടിന് സമീപത്തെ മതിലിന് അരികിലൂടെ നടന്ന് നീങ്ങുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷം പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം