പൊലീസ് സ്റ്റേഷന്റെ തൊട്ടുമുമ്പിലാണ് ഈ വീട്. വീടിൻറെ മുന്നിലെ കതകിന്റെ താഴ്പൊളിച്ചാണ് കവർച്ച നടത്തിയിട്ടുള്ളത്

കൊച്ചി: എറണാകുളം റൂറല്‍ പൊലീസിന്‍റെ മൂക്കിന്‍ തുമ്പത്ത് നടന്ന മോഷണക്കേസില്‍ ഒരാഴ്ച പിന്നിട്ടിട്ടും പ്രതികള്‍ ഒളിവില്‍ തുടരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് റുറല്‍ എസ്പി ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്നത്. ഇതിന് ഒരു ദിവസം മുന്‍പ് കുട്ടമശ്ശേരിയില്‍ നടന്ന മോഷണക്കേസിലും പ്രതിയെ പിടികൂടിയിട്ടില്ല. ആലുവ റൂറൽ എസ് പി ഓഫീസിന് മീറ്ററുകൾക്കപ്പുറമാണ് മൂഴിയില്‍ ബാബുവിന്‍റെ വീട്. അഞ്ച് ദിവസം മുന്‍പാണ് വീട് കുത്തി തുറന്ന് 20 പവന്‍ സ്വര്‍ണവും 20000 രൂപയും മോഷ്ടിച്ചത്.

വീട്ടുകാര്‍ ബന്ധു വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. ട്രാഫിക് പൊലീസ് സ്റ്റേഷന്റെ തൊട്ടുമുമ്പിലാണ് ഈ വീട്. വീടിൻറെ മുന്നിലെ കതകിന്റെ താഴ്പൊളിച്ചാണ് കവർച്ച. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അന്ന് തന്നെ പൊലീസിന് പരാതി നല്‍കി. എഫ്ഐആറിട്ട് അന്വേഷണം തുടങ്ങിയെങ്കിലും മോഷ്ടാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. വീട്ടിലെത്തി തെളിവുകളെല്ലാം പൊലീസ് ശേഖരിച്ചു. ഡോഗ് സ്ക്വാഡ് അടക്കം പരിശോധന നടത്തി.

ഇതിന് ഒരു ദിവസം മുന്‍പ് വെള്ളിയാഴ്ചയാണ് കുട്ടമശേരി ചെങ്ങനാലില്‍ മുഹമ്മദലി എന്നയാളുടെ വീട്ടിലും മോഷണം നടന്നത്. പതിനെട്ട് പവന്‍ സ്വര്‍ണവും 12500 രൂപയും നഷ്ടപ്പെട്ടു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. മുഹമ്മദലിയുടെ വീട്ടിലും അന്വേഷണസംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. സിസിടി ദൃശ്യങ്ങളും എടുത്തു. ഈ മേഖലയില്‍ പകല്‍ സമയങ്ങളില്‍ സ്ഥിരമായി കറങ്ങി നടന്ന് വീടുകള്‍ നോട്ടമിട്ട് രാത്രിയില്‍ മോഷണം നടത്തുന്ന സംഘമാണെന്നാണ് വിവരം. ഇതരസംസ്ഥാനക്കാരടക്കമുള്ള സ്ഥിരം കവര്‍ച്ചാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് ആലുവ പൊലീസിന്റ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം